അടിച്ചു തളിക്കാരിയായാൽ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ; എംകെ മുനീറിന് മറുപടിയുമായി മുഖ്യമന്ത്രി

single-img
17 February 2021

എകെജി സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗാർത്ഥികളോട് സംസാരിക്കുന്നതെന്ന വിവാദ പ്രസ്താവന നടത്തിയ മുസ്‌ലീം ലീഗ് നേതാവ് എം കെ മുനീർ എംഎൽഎയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി.

‘അടിച്ചു തളിക്കാരിയായാൽ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ? അവരും ഒരു മനുഷ്യ സ്ത്രീയല്ലെ. അവർ തൊഴിലല്ലെ എടുക്കുന്നത്. ആ തൊഴിലെടുക്കുന്നവരോട് മാന്യമായല്ലെ പെരുമാറുക. അത് മുനീറിന്റെ സ്വഭാവം പറഞ്ഞതായിരിക്കും എനിക്കാസ്വഭാവമില്ല’- എന്ന് മുഖ്യ മന്ത്രി പ്രതികരിച്ചു.

കോഴിക്കോട് ജില്ലയില്‍ കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന യൂത്ത് ലീഗിന്റെ അനിശ്ചിതകാല സഹനസമരം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു മുനീർ മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താനവന നടത്തിയത്. എകെജി സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിൽ മുഖ്യമന്ത്രി ഉദ്യോഗാർത്ഥികളോട് സംസാരിക്കുന്നു. ഈ ഗവൺമെന്റിന്റെ മരണമണിയാണിത്. തൊഴിലാളി വർഗത്തോട് മോശമായി പെരുമാറുന്ന നിങ്ങൾ ചെറുപ്പക്കാരോട് പുഞ്ചിരിയോടെ പെരുമാറാത്ത ഏകാധിപതിയാണെന്നും മുനീർ പറയുകയുണ്ടായി.