ഗണേഷിൻറെ വിശ്വസ്തർക്കു മാത്രം പരിഗണന;കേരള കോണ്‍ഗ്രസ് (ബി) പിളരുന്നു; പാർട്ടി വിടുന്നവർ യുഡിഎഫിനൊപ്പം

single-img
16 February 2021

ഗണേഷ് കുമാറിന് വന്‍ തിരിച്ചടി കേരള കോണ്‍ഗ്രസ് (ബി) പിളരുന്നു. പത്ത് ജില്ലാ പ്രസിഡന്റുമാരടക്കം പാര്‍ട്ടി വിടുമെന്ന് ഒരുവിഭാഗം വ്യക്തമാക്കി. യുഡിഎഫിനൊപ്പം ചേർന്ന് പ്രവര്‍ത്തിക്കും. പ്രഖ്യാപനം ഇന്ന് കോഴിക്കോട്.

പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള ശാരീരിക ബുദ്ധിമുട്ടുകളാൽ പാർട്ടിയിൽ സജീവമല്ല. കെ.ബി. ഗണേഷ് കുമാറിനാണ് പാർട്ടിയുടെ നിയന്ത്രണം. ഗണേഷ് കുമാർ തന്റെ വിശ്വസ്തർക്കു മാത്രമാണ് പരിഗണന നല്‍കുന്നതെന്നാണ്‌ ഒരു വിഭാഗം പ്രവർത്തകർ ഉന്നയിക്കുന്ന പരാതി. ഒടുവിലായി പിഎസ്‌സി അംഗത്തിന്റെ നിയമനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ ചർച്ച ചെയ്യാതെയാണ് നിയമനം നടത്തിയതെന്ന് ആക്ഷേപമുണ്ട്.ഗണേഷ് കുമാറും സംഘവും പാർട്ടിയെ ഹൈജാക് ചെയ്യുകയാണെന്നാണ് പാർട്ടി വിടാനൊരുങ്ങുന്നവരുടെ പ്രധാന ആരോപണം.

അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ഗണേഷിന് തിരിച്ചടിയാണ്. എല്‍ഡിഎഫില്‍ അദ്ദേഹത്തിനുള്ള കരുത്തും ഇതോടെ കുറയും.

കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിലെ പ്രസിഡന്റുമാരും സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിവർ ഉൾപ്പെടെയാണ് പാർട്ടി വിടാനൊരുങ്ങുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് മരിച്ചതിനെ തുടർന്ന് പുതിയ ആളെ നിയമിച്ചിട്ടില്ല.   

അതേസമയം പാർട്ടിവിടാനൊരുങ്ങുന്നവർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലികുട്ടി എന്നിവരുമായി ഇവർ ചർച്ച നടത്തിയിരുന്നു.