സമരം ശക്തിപ്പെടുന്നു; കണ്ണുംപൂട്ടി താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

single-img
15 February 2021

 സെക്രട്ടേറിയറ്റ് പരിസരം സമരഭരിതമായിരിക്കെ സമരത്തിനു കൂടുതൽ പിന്തുണയേറുന്നതു സർക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നു.ഇന്നലെയും ശയനപ്രദക്ഷിണവും മുഖം മൂടിയണിഞ്ഞുള്ള പ്രകടനങ്ങളും സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നവർക്കു പിന്തുണയറിയിച്ചു നടന്നു. താല്‍ക്കാലിക ജീവനക്കാരെ കണ്ണുംപൂട്ടി സ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം നൂറിലേറെ തസ്തികകളില്‍ സ്ഥിരപ്പെടുത്താന്‍ അനുമതി നല്‍കുമെങ്കിലും ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നത്  മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം മന്ത്രിസഭാ യോഗം നടക്കുന്ന സമയത്ത് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ യാചനാ സമരം നടത്തും. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് നടയ്ക്കു പുറത്ത് ശയനപ്രദക്ഷിണവുമായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികളുടെ പ്രതിഷേധവും പൊലീസെത്തിയാണു നിയന്ത്രിച്ചത്. സിപിഒ ലിസ്റ്റിൽപ്പെട്ടവർ നടത്തിയ പിൻനടത്തവും സർക്കാർ തൂക്കിക്കൊന്നുവെന്നു ദൃശ്യവൽക്കരിച്ച പ്രതീകാത്മക ആത്മഹത്യാ ശ്രമവും ഇന്നലെ സമരമുഖത്ത് നടന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു സമയത്തും വരുമെന്ന പ്രതീക്ഷയിലാണ് പരമാവധി താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. സര്‍ക്കാര്‍ മുന്‍പും പിന്‍പും നോക്കാതെ സ്ഥിരപ്പെടുത്തല്‍ തുടങ്ങിയതോടെ ഓരോ വകുപ്പില്‍ നിന്നും സ്ഥിരപ്പെടുത്താനുള്ള അപേക്ഷകള്‍ കുന്നുകൂടുകയാണ്. ഇതിനെ തുടര്‍ന്നാണ് ചട്ടങ്ങളും വ്യവസ്ഥകളും പൂര്‍ണമായും പാലിക്കുന്നത് മാത്രം പരിഗണിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയത്.

ഇന്നലെ വൈകിട്ട് വരെ ഒട്ടേറെ  സ്ഥിരപ്പെടുത്തല്‍ അപേക്ഷകളാണ് വകുപ്പുകളില്‍ നിന്ന് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പുകളിലെ ചില സ്ഥാപനങ്ങളിലെ അപേക്ഷകള്‍ ഇതിനെ തുടര്‍ന്ന് മാറ്റിവെച്ചു. സ്ഥിരപ്പെടുത്തല്‍ വിവാദമായതോടെ സൂക്ഷമതോയൊണ് വകുപ്പുകള്‍ ശൂപാര്‍ശ ചെയ്യുന്നത്. ചില ഉദ്യോഗസ്ഥര്‍ കോടതിവിധികള്‍ ചൂണ്ടിക്കാട്ടി വിയോജിപ്പ് രേഖപ്പെടുന്നുമുണ്ട്. സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്നതിനാണ് മന്ത്രിസഭായോഗ സമയത്ത് ഉദ്യോഗാര്‍ഥികള്‍ യാചന സമരം നടത്തുന്നത്.എന്നാല്‍ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിപ്പിക്കാനുള്ള  ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. മന്ത്രിസഭായോഗത്തില്‍ തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ് സമരത്തിലുള്ളവരും.