മാണി സി കാപ്പൻ്റെ പുതിയ പാർട്ടി പ്രഖ്യാപനം നാളെ; എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് കാപ്പൻ

single-img
14 February 2021
Mani C Kappan

എൻസിപിയിൽ നിന്നും രാജിവെയ്ക്കുന്ന മാണി സി കാപ്പൻ്റെ(Mani C Kappan) പുതിയ പാർട്ടി നാളെ പ്രഖ്യാപിക്കും. അതേസമയം, താൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് കാപ്പൻ്റെ നിലപാട്. എന്‍സിപിയിലെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ പാര്‍ട്ടി യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുമെന്നും തന്നോടൊപ്പം എന്‍സിപിയിലെ 11 ഭാരവാഹികള്‍ കൂടിയുണ്ടാകുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

“ഒരാള്‍ക്ക് ഒരു നീതി, മറ്റൊരാള്‍ക്ക് വേറൊരു രീതി എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചത് യുഡിഎഫ് വിട്ടതിന് ശേഷമാണ്. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. പറയുന്നതില്‍ നീതി വേണം.” മാണി സി കാപ്പന്‍ പറഞ്ഞു.

കാപ്പനെതിരെ മുന്‍പ് പരിഹാസവുമായി രംഗത്തെത്തിയ മന്ത്രി എംഎം മണിയ്ക്കുനേരെയും അദ്ദേഹം ആഞ്ഞടിച്ചു. മണി വാ പോയ കോടാലിയാണെന്നായിരുന്നു കാപ്പന്റെ പ്രതികരണം. എന്‍സിപി ദേശീയ നേതൃത്വം ഇടതുമുന്നണിയ്‌ക്കൊപ്പമാണ്. ഇക്കാര്യം ഇന്നലെ രാത്രി തന്നെ അറിയിച്ചെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ തന്നെ കൂടെനിര്‍ത്താനാണ് ശരദ് പവാര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ അതിന് അനുകൂലമായിരുന്നില്ലെന്നും പാര്‍ട്ടി അവഹേളിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫില്‍ താന്‍ എത്തിപ്പെടുന്നത് ഗുണം ചെയ്യുമന്ന് പ്രതീക്ഷിക്കുന്നതായും കാപ്പന്‍ പറഞ്ഞുവെച്ചു. പാലയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ജനങ്ങളുടെ കോടതിയില്‍ വ്യക്തമായ മറുപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mani C Kappan’s new party will be announced tomorrow