ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയില്‍ എന്തുകൊണ്ട് അഭിനയിച്ചു; സുരാജ് പറയുന്നു

single-img
13 February 2021

നവാഗതനായ ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മലയാളത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ഈ ചിത്രത്തില്‍ സുരാജിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ, ഈ സിനിമയില്‍ എന്തുകൊണ്ട് താന്‍ അഭിനയിച്ചു എന്ന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില പറഞ്ഞിരിക്കുകയാണ് സുരാജ് .

‘മുഴുവന്‍ ലോക്ക്ഡൗണില്‍ ആയി വീട്ടില്‍ ഇരിക്കുന്ന സമയമാണ് ഒരു സിനിമ ചെയ്യുന്നതിനായി ജിയോ ബേബി വിളിക്കുന്നത്. തികച്ചും നായികാ പ്രാധാന്യമുള്ള ഒരു സിനിമയാണ്. നിമിഷ സജയനാണ് നായിക. ചേട്ടന് ഈ സിനിമ ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച് വിളിക്കുന്നത്. ഞാന്‍ ജിയോയോട് കഥപറയാന്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ എനിക്ക് തോന്നി ഈ സിനിമ ചെയ്യണമെന്ന്,’ സുരാജ് പറയുന്നു.

ഒരു വീടിന്റെ അടുക്കള പ്രധാന വിഷയമാകുന്ന കഥകളില്‍ മിക്കവാറും പുരുഷന്‍മാര്‍ പ്രതിനായകന്മാരാവുമല്ലോ, എന്നിട്ടും എന്തുകൊണ്ടാണ് ഈ സിനിമ ചെയ്തത് എന്ന ചോദ്യത്തിനും സുരാജ് മറുപടി പറയുന്നുണ്ട്. എന്റെ ജോലി അഭിനയമല്ലേ. സിനിമയില്‍ എല്ലാതരം കഥാപാത്രവും ചെയ്യണമല്ലോ. പല ജീവിതങ്ങളിലൂടെ ഒരു ആര്‍ടിസ്റ്റ് പോകണമല്ലോ. അപ്പോഴാണല്ലോ ഒരു നടനില്‍ വളര്‍ച്ചയുണ്ടാകുന്നത് എന്നായിരുന്നു സുരാജ് പറഞ്ഞത്.

അടുക്കള എന്നത് സ്ത്രീകള്‍ക്ക് വേണ്ടിമാത്രമുള്ള ഇടമാണെന്ന ചിന്ത നമ്മള്‍ മാറ്റണമെന്നും സുരാജ് പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ച് അടുക്കള എന്നത് ഭക്ഷണം പാചകം ചെയ്യാന്‍ മാത്രമുള്ള ഒരു സ്ഥലമല്ലെന്നും വീടിന്റെ എല്ലാ മര്‍മ്മവും അവിടെയാണെന്നും സുരാജ് പറഞ്ഞു.