വിശ്വാസസംരക്ഷണത്തിനായുള്ള നടപടികൾ; യുഡിഎഫ് നൽകിയ വിശദീകരണം സ്വാ​​ഗതം ചെയ്ത് എൻഎസ്എസ്

single-img
13 February 2021

ജനങ്ങളുടെ വിശ്വാസസംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് മുന്നണി നൽകിയ വിശദീകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് എൻഎസ്എസ്. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നൽകിയ വിശദീകരണം സ്വാ​​ഗതം ചെയ്യുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജനങ്ങളുടെ ആചാരസംരക്ഷണത്തിനായി പി വിൻസന്റ് എംഎൽഎ രണ്ട് തവണ കേരള നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ലെന്നും വിശ്വാസ സംരക്ഷണത്തിനായി എൻ കെ.പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിന് പാർലമെൻ്റിലും അവതരണാനുമതി ലഭിച്ചില്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

വിശ്വാസസംരക്ഷണത്തിനായി കേരളത്തിലെ പ്രധാന മുന്നണികൾ ഒന്നും ചെയ്തില്ലെന്ന എൻഎസ്എസ് വിമർശനത്തിന് മറുപടിയായാണ് ചെന്നിത്തല യുഡിഎഫ് മുന്നണി ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കിയത്. ഈ വിശദീകരണമാണ് എൻഎസ്എസ് ഇപ്പോൾ അം​ഗീകരിക്കുന്നതായി അറിയിച്ചിട്ടുള്ളത്.