വെളിച്ചപ്പാടിൻ്റെ ശമ്പളം 750 രൂപയിൽ നിന്നും 8500 രൂപയാക്കി; മലബാര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്കരിച്ച് കടകംപള്ളി സുരേന്ദ്രൻ

single-img
13 February 2021
Malabar Devaswom Board Salary

മലബാര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് ഉത്തരവ് ആയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 2019 ജനുവരി 1 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് വര്‍ധനവ്.

ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 750 രൂപയായിരുന്നത് 8500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാനശമ്പളം 41500 രൂപയായും വര്‍ധിപ്പിച്ചു. മറ്റു ആനുകൂല്യങ്ങളും ഇതിനനുസരിച്ച് വര്‍ധിച്ചിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.   

ക്ഷേത്രങ്ങളെ വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രേഡുകളായി തിരിച്ചാണ് ശമ്പളപരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്.

malabar devaswam board temple grading table

25 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും വരുമാനത്തിന്റെ 50% ശമ്പളത്തിനായി ചിലവഴിച്ചിട്ടും തികയാതെ വരുന്ന തുക സര്‍ക്കാര്‍ ഗ്രാന്റായി അനുവദിക്കും. 3 ലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം പൂര്‍ണമായും സര്‍ക്കാര്‍ ഗ്രാന്റില്‍ നിന്നും അനുവദിക്കും.

ശമ്പളപരിഷ്കരണത്തോടൊപ്പം തന്നെ വിവിധ തരം അലവൻസുകളും ബത്തകളും അനുവദിച്ചിട്ടുണ്ട്. ഗ്രേദ് 4 ക്ഷേത്രങ്ങളിലെ അടിസ്ഥാന ജീവനക്കാരുടെ വീട്ടുവാടകബത്ത 60 രൂപയിൽ നിന്നും 350 രൂപയായി ഉയർത്തിയിട്ടുണ്ട്. 1500 രൂപയാണ് ഉയർന്ന സ്കെയിലിലെ ജീവനക്കാർക്ക് ലഭിക്കുന്ന വീട്ടുവാടകബത്ത. ഇതുകൂടാതെ ഗ്രേദ് 4 ക്ഷേത്രങ്ങളിലെ കഴകജീവനക്കാർക്ക് പൂജാപുഷ്പങ്ങൾ ശേഖരിക്കുന്നതിനും മറ്റുമായി പ്രതിമാസം 500 രൂപ സർവ്വീസ് അലവൻസ്, അംഗപരിമിതരായ ജീവനക്കാർക്കായി പ്രതിമാസം 350 രൂപ അവശതാ ബത്ത, കതിനവെടി, ആനപ്പാപ്പാൻ എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്ക് പ്രതിമാസം 250 രൂപ റിസ്ക് അലവൻസ്, ശാന്തി ജീവനക്കാർക്ക് ക്ഷേത്രഫണ്ടിൻ്റെ ലഭ്യതയനുസരിച്ച് പ്രതിമാസം ഓരോ ജോഡി വസ്ത്രം എന്നിവയും അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

ക്ഷേത്രജീവനക്കാർക്ക് കണ്ണട വാങ്ങുന്നതിനായി 1000 രൂപ അനുവദിക്കും. ഇത് പത്തുവർഷത്തിലൊരിക്കലും മൊത്തം സർവ്വീസ് കാലയളവിൽ 3 തവണയായും നിജപ്പെടുത്തിയിട്ടുണ്ട്. വനിതാ ജീവനക്കാർക്ക് പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്.

ശമ്പളപരിഷ്കരണം വഴി ഒരുവര്‍ഷം ഏകദേശം 25 കോടിയിലേറെ രൂപയുടെ അധികബാധ്യത സര്‍ക്കാരിന് ഉണ്ടാകും എന്നാണ് കരുതുന്നത്.  ബോര്‍ഡിന്റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ ക്ഷേത്രങ്ങള്‍ തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ പാടില്ലെന്നും മുഖ്യക്ഷേത്രങ്ങളില്‍ ആറുമാസത്തിനകം പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തി അത് ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Salary revision becomes a relief for Malabar Devaswom Board Employees