സുഹൃത്തുക്കളെ കൊലപ്പെടുത്തി മാംസം പാകം ചെയ്ത് ഭക്ഷിച്ചു; റഷ്യയില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

single-img
13 February 2021

റഷ്യയിൽ കുപ്രസിദ്ധ സീരിയിൽ കില്ലർ എഡ്വേർഡ് സെലൻസേവിക്ക് കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചു. സ്വന്തം സുഹൃത്തുക്കളായ മൂന്ന് പേരെയാണ് എഡ്വേർഡ് മദ്യം നൽകിയതിന് ശേഷം കൊലപ്പെടുത്തിയത്. അതിനു പിന്നാലെ ഇവരുടെ മാംസം പാകം ചെയ്ത് കഴിക്കുകയായിരുന്നു.

റഷ്യയിൽ വളരെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു എഡ്വേർഡിന്റെ ഈ കൊലപാതക രീതി. നോർത്ത്-വെസ്റ്റ് റഷ്യയിലെ അർഖാൻഗെൽസ്ക് സ്വദേശിയാണ് എഡ്വേർഡ് (56). 2016 മാർച്ചിനും 2017 മാർച്ചിനും ഇടയ്ക്കാണ് എഡ്വേർഡ് തന്റെ സുഹൃത്തുക്കളെ കൊലചെയ്ത് ഭക്ഷണമാക്കിയത്.

‘അർഖാൻഗെൽസ്ക് നരഭോജി’ എന്നാണ് എഡ്വേർഡ് അറിയപ്പെടുന്നത്. കേസ് പരിഗണിച്ച കീഴ്ക്കോടതിയാണ് ആദ്യം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കോടതിയിൽ എഡ്വേർഡിന്റെ അഭിഭാഷകൻ തീരുമാനത്തെ എതിർത്തെങ്കിലും ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകണമെന്ന നിലപാടിലായിരുന്നു കോടതി. തുടർന്നാണ് റഷ്യയിലെ ഉന്നത കോടതിയെ സമീപിച്ചത്. അവിടേയും അനുകൂലമായ വിധി എഡ്വേർഡിന് ലഭിച്ചില്ല.