പിൻവാതിൽ നിയമന തട്ടിപ്പ് ആസൂത്രണം ചെയ്തതും പണം വാങ്ങിയതും സരിത; തെളിവുമായി കൂട്ടുപ്രതി

single-img
12 February 2021

വ്യാജ രേഖ ഉപയോഗിച്ചു പിൻവാതിൽ നിയമനം നടത്തിയെന്ന കേസിൽ സരിതയ്ക്കെതിരെ ആരോപണങ്ങളുമായി കൂട്ടുപ്രതി.  തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിതയാണെന്ന് ജാമ്യാപേക്ഷയില്‍ കൂട്ടുപ്രതി പറയുന്നു. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതു സരിതയാണെന്നും ഒന്നാം പ്രതി രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു. സിപിഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായി ചെക്കും ഹാജരാക്കി. 

കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ചു നെയ്യാറ്റിൻകര സിഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ശ്രീകുമാറിനെ കഴിഞ്ഞയാഴ്ച വെച്ചൂച്ചിറയിലേക്കു മാറ്റി. പകരം ചുമതലയേറ്റ സിഐയോട് അന്വേഷണം വേഗത്തിലാക്കാനും നിർദേശിച്ചു.

ബെവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിൻകര സ്വദേശികളായ 2 പേരിൽ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതയ്ക്കെതിരായ കേസ്. സരിതയുടെ അക്കൗണ്ടിലേക്കു പണം ഇട്ടു നൽകിയതിന്റെയും മറ്റും തെളിവുകളും ശബ്ദരേഖയും പരാതിക്കാരൻ കൈമാറിയിരുന്നു. 

ആരോഗ്യ കേരളം പദ്ധതിയിൽ 4 പേരെ പിൻവാതിൽ വഴി നിയമിച്ചെന്ന ശബ്ദരേഖയും ഉന്നത ഉദ്യോഗസ്ഥർക്കടക്കം പരാതിക്കാർ നൽകിയിരുന്നു. എന്നാൽ അന്വേഷണമോ അറസ്റ്റോ ഉടൻ വേണ്ടെന്ന നിർദേശമാണ് അന്വേഷണ സംഘത്തിനു മേലുദ്യോഗസ്ഥർ നൽകിയത്. അതിനാൽ ആദ്യം സരിതയെ കേസിൽ ഉൾപ്പെടുത്തിയില്ല.