റഷ്യയിലെ നഗരത്തില്‍ കണ്ടെത്തിയ നായ്ക്കള്‍ക്ക് നീല നിറം; ആശങ്കയും കൗതുകവുമായി ജനങ്ങള്‍

single-img
12 February 2021

റഷ്യയില്‍ നിന്നും പുറത്തുവന്ന തെരുവുനായ്ക്കളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഷെര്‍ഷിന്‍സ്‌ക് നഗരത്തില്‍ കണ്ടെത്തിയ നായ്ക്കള്‍ക്ക് നീല നിറമാണുള്ളത് എന്നതാണ് ഇതിന്റെ കാരണം‌. കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ രാസമാലിന്യമാണ് നായ്ക്കളുടെ നീല നിറത്തിന് കാരണമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ ചിത്രം കണ്ടപ്പോള്‍ ചിലര്‍ ആശങ്കയും ചിലര്‍ കൗതുകവും പങ്കുവെച്ചു.ഷെര്‍ഷിന്‍സ്‌കില്‍ എന്ന പ്രദേശത്തിൽ മുൻപ് വലിയൊരു രാസ ഉല്‍പ്പാദന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു.ഏകദേശം ആറുവര്‍ഷം മുന്‍പ് പ്ലാന്റ് അടച്ചുപൂട്ടി.

ഈ ഫാക്ടറിയില്‍ ഉണ്ടായിരുന്ന കോപ്പര്‍ മാലിന്യമാകാം നായ്ക്കളുടെ നീലനിറത്തിന് കാരണമെന്ന് പ്ലാന്റിന്റെ മാനേജര്‍ ആന്‍ഡ്രി മിസ്ലിവെറ്റ്‌സ് പറഞ്ഞു. ധാരാളം നായ്ക്കള്‍ അതുവഴി അലഞ്ഞുനടക്കുന്നത് പതിവാണ്. അപ്പോള്‍ ചിലപ്പോൾ അവ കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ മാലിന്യത്തില്‍ തെരച്ചില്‍ നടത്തിയിട്ടുണ്ടാകാം. ഇവിടെ നായ്ക്കളെ അവിടെ നിയന്ത്രിക്കാന്‍ ആരുമില്ലെന്നും അദ്ദേഹം പറയുന്നു.

എന്തായാലും സംഭവം വാർത്തയായതോടെ ഷെര്‍ഷിന്‍സ്‌ക് നഗര അധികൃതര്‍ നായ്ക്കളെ പിടികൂടി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ്. നാല് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ മുംബൈയില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. നവി മുംബൈ തലോജ വ്യവസായ മേഖലയില്‍ നായ്ക്കളെ നീല നിറത്തില്‍ കണ്ടെത്തിയിരുന്നു.