ചട്ടപ്രകാരമല്ല താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തലെന്ന മുന്നറിയിപ്പു ലഭിച്ചിട്ടും അവഗണിച്ചു മുന്നോട്ടു പോകാൻ മന്ത്രിസഭാ തീരുമാനം

single-img
11 February 2021

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനും സംസ്ഥാന വ്യാപകമായി ഉയരുന്ന പ്രതിഷേധം അവഗണിക്കാനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധാരണ. ചട്ടപ്രകാരമല്ല സ്ഥിരപ്പെടുത്തലെന്നു ഫയലിൽ നിയമ, ധനവകുപ്പുകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും അത് അവഗണിച്ചു മുന്നോട്ടു പോകാനാണു തീരുമാനം. 

സ്ഥിരപ്പെടുത്തൽ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രി ഈ സർക്കാരിന്റെ കാലത്ത് എത്ര പേരെ സ്ഥിരപ്പെടുത്തിയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. 

അടുത്തയാഴ്ച തിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു ബാക്കി രണ്ടായിരത്തോളം പേരെ സ്ഥിരപ്പെടുത്താനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചു. ഇതിലേക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ വകുപ്പുകളിലെയും മന്ത്രിസഭാ ശുപാർശ തയാറാക്കുന്ന ജീവനക്കാർ ശനിയും ഞായറും ജോലിക്കെത്തണമെന്നാവശ്യപ്പെട്ടു ചീഫ്സെക്രട്ടറി കത്തു നൽകി. ശുപാർശകൾ ഞായർ വൈകിട്ട് 3 നു മുൻപ് ഹാജരാക്കാനാണു വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേ സമയം 3 വകുപ്പുകളിലായി 454 പേരെ സ്ഥിരപ്പെടുത്താൻ ഇന്നലെ മന്ത്രിസഭ തീരുമാനിച്ചു. ഏകാധ്യാപക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന 344 വിദ്യാശ്രീ വോളന്റിയർമാരെയും ഹോർട്ടികോർപ്പിലെ 74 കരാർ ജീവനക്കാരെയും സാക്ഷരതാ മിഷനിലെ 74 ജീവനക്കാരെയും സ്ഥിരപ്പെടുത്താനാണ് ഇന്നലെ മന്ത്രിസഭ തീരുമാനിച്ചത്. 

ഏകാധ്യാപക വിദ്യാലയങ്ങളിൽ 10 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ തുടരുന്ന വിദ്യാ വൊളന്റിയർമാരെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിലവിലുള്ളതോ ഭാവിയിൽ വരുന്നതോ ആയ ഒഴിവുകളിലാകും നിയമിക്കുക. 

സാക്ഷരതാ മിഷനിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ, അസിസ്റ്റന്റ് പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, ക്ലാർക്ക്, ഓഫിസ് അസിസ്റ്റന്റ്, പ്യൂൺ തുടങ്ങിയ തസ്തികയിലുള്ളവരെയാണു സ്ഥിരപ്പെടുത്തിയത്.