കർഷക വേദന പറ‍ഞ്ഞ് കരഞ്ഞ ടികായത്തിനു മാത്രമല്ല തനിയ്ക്കും കരയാനറിയാം; കലാപരമായി തയാറാക്കിയ പ്രകടനം; മോദിയുടെ കണ്ണീരിനെ പരിഹസിച്ച് ശശി തരൂർ

single-img
11 February 2021

‘കലാപരമായി തയാറാക്കിയ പ്രകടനം’ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനുള്ള വിടവാങ്ങൽ ചടങ്ങില്‍ വികാരഭരിതനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. മോദിയുടെ ഈ വികാരാധീന പ്രകടനത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് തരൂരിന്റെ വിമർശനം.

കർഷകനേതാവ്  രാകേഷ് ടികായത്തിന്റെ കണ്ണീരിനും ഇക്കാര്യത്തിൽ ഭാഗികമായി ഉത്തരവാദിത്തമുണ്ടെന്ന് തരൂർ പരിഹാസരൂപത്തിൽ പറഞ്ഞു . കർഷക വേദന പറ‍ഞ്ഞ് കരഞ്ഞ ടികായത്തിനു മാത്രമല്ല തനിയ്ക്കും കരയാനറിയാം എന്നു ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.–തരൂര്‍ പറയുന്നു. മുൻ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ “By Many a Happy Accident: Recollections of a Life” എന്ന പുസ്തകത്തേക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭയിൽനിന്ന് ഈമാസം കാലാവധി പൂർത്തിയാക്കുന്ന നേതാക്കൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് നരേന്ദ്ര മോദി വിതുമ്പിക്കരഞ്ഞത്. ആസാദിനെക്കുറിച്ചു പറയുന്നതിനിടെ, 2007 ൽ ഗുജറാത്തിൽ താനും കശ്മീരിൽ ആസാദും മുഖ്യമന്ത്രിമാരായിരിക്കെ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു പ്രധാനമന്ത്രി വിവരിച്ചു. ആക്രമണ വിവരം ഫോണിലൂടെ പറഞ്ഞ ആസാദ് പൊട്ടിക്കരയുകയായിരുന്നുവെന്നു പറഞ്ഞപ്പോൾ മോദിയുടെ കണ്ണു നിറഞ്ഞു. സ്വന്തം കുടുംബത്തെക്കാൾ സ്നേഹത്തോടെയാണ് ആസാദ് ആക്രമണത്തിനിരയായവർക്കു വേണ്ടി പ്രവർത്തിച്ചതെന്നു പറഞ്ഞപ്പോൾ വാക്കുകൾ മുറിഞ്ഞു. ശബ്ദമിടറി. സഭ നിശ്ശബ്ദമായി. അദ്ദേഹത്തെ സല്യൂട്ട് ചെയ്താണ് മോദി നിർത്തിയത്.

പാക്കിസ്ഥാനിലേക്കു പോകാതിരുന്നത് ഭാഗ്യമെന്നു കരുതുന്ന ഹിന്ദുസ്ഥാനി മുസ്‌ലിമാണ് താൻ എന്ന് ആസാദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ‘ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയുമാണ് രാഷ്ട്രീയത്തിൽ കൈപിടിച്ചുയർത്തിയത്’, വികാരഭരിതനായി ആസാദ് പറ‍ഞ്ഞു. അടൽ ബിഹാരി വാജ്പേയി പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാകണമെന്ന് അടൽജിയിൽ നിന്നാണ് ഞാൻ പഠിച്ചത്’. ഈമാസം 15നാണ് ആസാദിന്റെ കാലാവധി കഴിയുന്നത്.