ഉത്തരാഖണ്ഡ് പ്രളയം മീനുകള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു; തെളിവുകള്‍ പുറത്തുവിട്ട് വിദഗ്ധര്‍

single-img
10 February 2021

കഴിഞ്ഞ വാരത്തില്‍ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളുമായി വിദഗ്ധര്‍. ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അളകനന്ദ നദിയിലെ മീനുകള്‍ പ്രളയത്തിന് മുമ്പ് അസ്വാഭാവികത പ്രകടിപ്പിച്ചിരുന്നതിന്‍റെ തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടാണ് വിദഗ്ധര്‍ ഈ വിവരം പറഞ്ഞത്.

പ്രളയത്തിന് മുന്‍പ് നദിയിലെ മീനുകള്‍ കൂട്ടമായി കരയിലേക്ക് അടിയുന്ന അവസ്ഥ പ്രദേശത്ത് ഉണ്ടായതായും, ധാരാളം പ്രദേശവാസികള്‍ കരയിലേക്കടുത്ത മീനുകളെ പിടിക്കാന്‍ എത്തുകയും ചെയ്തതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണ ഗതിയില്‍ വലയോ ചൂണ്ടയോ പോലും ഉപയോഗിക്കാതെ വളരെ അനായാസം കൈകൊണ്ട് പിടിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു ഇത്തരത്തില്‍ മീനുകള്‍ കൂട്ടമായെത്തിയത്. പ്രളയമുണ്ടാകുന്നതിന് മുമ്പ് നദിയുടെ ഇരുവശങ്ങളിലൂടെ നീന്തി കരയില്‍ മത്സ്യങ്ങള്‍ കയറുകയായിരുന്നു. പ്രകൃതിയില്‍ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതിന് മുമ്പ് അത് മനസിലാക്കാനുള്ള കഴിവ് പല ജീവജാലങ്ങളെയും പോലെ മത്സ്യങ്ങള്‍ക്കുമുണ്ടെന്ന പഠനങ്ങള്‍ നേരത്തേ തന്നെപുറത്തുവന്നിരുന്നു.

ഈ വാദങ്ങള്‍ക്ക് ബലമേകുന്ന തെളിവുകളാണ് അളകനന്ദ നദിയില്‍ പ്രളയമുണ്ടാകുന്നതിന് മുമ്പ് മീനുകള്‍ പ്രകടിപ്പിച്ച അസ്വാഭാവികതയെന്ന് ശാസ്ത്രലോകം ഇപ്പോള്‍ നിരീക്ഷിക്കുന്നു.അതേസമയം ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ കാണാതായവർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. തപോവൻ ടണലില്‍ കുടുങ്ങിയ 40 പേരെ ഇനിയും പുറത്തെത്തിക്കാനായിട്ടില്ല. ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.