കര്‍ഷകര്‍ സമര ജീവികളെങ്കില്‍ പ്രധാനമന്ത്രി ‘പ്രസംഗ ജീവി’: ആം ആദ്മി എംപി

single-img
10 February 2021

രാജ്യത്തിന്റെ പാര്‍ലമെന്റില്‍ കര്‍ഷകര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമരജീവി പ്രസ്താവനയ്ക്ക് മറുപടിയുമായി ആം ആദ്മിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗ്. കര്‍ഷകര്‍ സമര ജീവികളാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഭാഷണ്‍ ജീവി’ അഥവാ പ്രസംഗ ജീവി ആണെന്ന് അദ്ദേഹം പറഞ്ഞു. ‘നമുക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധിയടക്കമുള്ളവരെ കളിയാക്കിയാളാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരസേനാനികളെക്കൂടാതെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ രണ്ടുമാസത്തിലേറെയായി തെരുവില്‍ സമരമിരിക്കുന്ന കര്‍ഷകരെയും പ്രധാനമന്ത്രി മോദി പരിഹസിക്കുകയാണ്’, സഞ്ജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.നമ്മുടെ രാജ്യത്തെ സമരജീവികള്‍ കാരണമാണ് ഇന്ന് പാര്‍ലമെന്റില്‍ നിവര്‍ന്ന് നിന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതെന്ന് മോദി മറക്കരുത് എന്നും സഞ്ജയ് പറഞ്ഞു.

‘ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വഹിക്കുന്ന ഒരാളില്‍ നിന്നും പ്രതീക്ഷിക്കാത്ത വാക്കുകളാണ് മോദി കര്‍ഷകര്‍ക്കെതിരെ ഉപയോഗിച്ചത്. ഇന്ത്യയില്‍അടിയന്തരാവസ്ഥ കാലത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ നിരവധി ബി.ജെ.പിക്കാരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവരെയും സമരജീവികളില്‍ പെടുത്തുമോ? സഞ്ജയ് സിംഗ് ചോദിച്ചു.