രഥത്തില്‍ യാത്ര ചെയ്യാന്‍ അവര്‍ ദൈവങ്ങളോ; ബിജെപിയുടെ രഥയാത്രയെ പരിഹസിച്ച് മമത

single-img
10 February 2021

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിനെ വിഭജിച്ച് നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതോടൊപ്പം ബിജെപി നേതാക്കള്‍ രഥയാത്ര നടത്തുന്നതിനേയും മമത പരിഹസിച്ചു. അവര്‍ ദൈവങ്ങളാണോ രഥത്തില്‍ കയറി യാത്ര ചെയ്യാന്‍? ബംഗാളിന് ചുറ്റുമായി രഥയാത്ര നടത്തി വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ് അവര്‍ എന്ന് മമത പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം രഥമെന്നത് ഭഗവാന്‍ ജഗന്നാഥന്റെ വാഹനമാണെന്നും മാംസ ആഹാരങ്ങള്‍ കഴിച്ച് രഥത്തില്‍ യാത്ര ചെയ്യുന്നതിലൂടെ ബിജെപി നേതാക്കള്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും മമതആരോപിച്ചു. പശ്ചിമ ബംഗാളിനെ സുവര്‍ണ ബംഗാളാക്കാനല്ല, കലാപ ബംഗാളാക്കാനാണ് ബിജെപി ശ്രമിക്കുന്നത് .

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കളാഴ്ചയാണ് ബിജെപി ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം, നേരത്തെ ഒരിക്കല്‍ സര്‍ക്കാര്‍ രഥ യാത്രാ അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.