കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവർ; തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിച്ച് കെ ടി ജലീൽ

single-img
9 February 2021

സംസ്ഥാനത്തെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മത്സരിക്കാൻ ക്ഷണിച്ച് തവനൂർ എംഎൽഎയും മന്ത്രിയുമായ കെടി ജലീൽ. ഇത്തവണ തെരഞ്ഞെടുപ്പില്‍ തവനൂരിൽ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളുണ്ടെന്ന ചെന്നിത്തലയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവെന്നും തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ ഒരു കൈനോക്കാൻ കേളപ്പജിയുടെ നാട്ടിലേക്ക് വരുന്നോ എന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി വെല്ലുവിളി നടത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്വന്തം മകന് ഐഎഎസ് കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ ഐ ആര്‍ എസില്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ പിജി ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല.

തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?