അന്വേഷണം മരവിച്ച് ഡോളർ, സ്വർണക്കടത്ത് കേസ്; അന്വേഷണമില്ലാതായിട്ട് ഒരു മാസം

single-img
9 February 2021

സ്വർണ, ഡോളർ കടത്ത് കേസുകളിലെ അന്വേഷണ മരവിപ്പു വിവാദത്തിലേക്ക്. ഡോളർ കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണസംഘം കസ്റ്റംസ് ബോർഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചിട്ട് ഒരു മാസമായെങ്കിലും അനുമതി ലഭിച്ചില്ലെന്നാണു സൂചന. അതോടെ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണങ്ങൾ ഏതാണ്ട് മരവിച്ചു.

കേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു ധനമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു.

കസ്റ്റംസും ഇഡിയും കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസികളോട് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ധനവകുപ്പു തേടിയെന്നാണു വിവരം.

ഇഡി ഏറ്റവുമൊടുവിൽ മൊഴിയെടുത്തതു മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിൽ നിന്നാണ്. പിന്നീട് അന്വേഷണം പുരോഗമിച്ചിട്ടില്ല. 

ഡോളർ കടത്തു കേസിൽ ഒരു ഘട്ടത്തിൽ കസ്റ്റംസ് ചടുലമായ നീക്കങ്ങൾ നടത്തിയിരുന്നു. സ്വപ്നയും സരിത്തും കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 2 മലയാളികളെ ദുബായിൽനിന്നു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനും തുടർ നീക്കങ്ങളുണ്ടായില്ല.

പ്രധാന പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയിൽ 164–ാം വകുപ്പു പ്രകാരം നൽകിയ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നു കോടതി തന്നെ പരാമർശിച്ചിരുന്നു. ഇതിലും പിന്നീട് അന്വേഷണം നടന്നില്ല.

ഫലത്തിൽ ഒരു മാസമായി ഇഡി, കസ്റ്റംസ് അന്വേഷണങ്ങൾ മന്ദഗതിയിലാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നാണു കോൺഗ്രസ് ആരോപണം. അന്വേഷണം മരവിച്ചത് എന്തുകൊണ്ടെന്ന സംശയത്തിനു കൃത്യമായ മറുപടിയില്ലാതെ പ്രതിരോധത്തിലാണ് ബിജെപി.