പാര്‍ട്ടി സഹയാത്രികയ്ക്ക് ജോലി നല്‍കണം; സിപിഎം ഏരിയ കമ്മറ്റിയുടെ ശുപാർശകത്ത് പുറത്ത്; കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമനവിവാദം

single-img
8 February 2021

കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമനവിവാദം. പാര്‍ട്ടി സഹയാത്രികയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട്  സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിയ്ക്ക് നല്‍കിയ കത്ത് പുറത്ത്. കത്തില്‍ പറയുന്ന സംഗീത തിരുവളിന് സര്‍വകലാശാലയില്‍ ജോലി ലഭിച്ചിരുന്നു.

2019 സെപ്റ്റംബറിൽ പറവൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. ഏരിയ കമ്മിറ്റിയുടെ ലെറ്റര്‍ പാഡില്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ വിശദാംശങ്ങളാണ് വിവാദമായത്. പാര്‍ട്ടിയുടെ സഹയാത്രികയായ സംഗീത തിരുവളിന് കാലടി സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ധീവര സംവരണ വിഭാഗത്തില്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവിന് പങ്കെടുക്കുമ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കത്താണ് പുറത്തുവന്നത്. ഇതിന് ശേഷം ധീവര സംവരണ വിഭാഗത്തില്‍ സംഗീത തിരുവളിന് ജോലി ലഭിക്കുകയും ചെയ്തു.

കാലടി സർവകലാശാലയിൽ മുൻ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാലയില്‍ നടന്ന മറ്റൊരു നിയമനം വിവാദമാകുന്നത്.