കർഷക സമരം എന്തിനാണെന്ന് ആരും കൃത്യമായി പറയുന്നില്ല; ചീത്തവിളി കേൾക്കാൻ ഞാൻ തയ്യാറാണ്; നിയമങ്ങൾ നടപ്പക്കാൻ അവസരം നൽകണം: പ്രധാനമന്ത്രി

single-img
8 February 2021

ആത്മനിർഭരതയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണം. ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. കോവിഡ് പോരാട്ടം ജയിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്. പ്രതിപക്ഷം കോവിഡ് പോരാട്ടത്തെ പരിഹസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് പ്രധാനമന്ത്രിയുടെ വിമർശനം. രാഷ്ട്രപതിയുടെ പ്രസംഗം കേൾക്കാൻ പ്രതിപക്ഷം സഭയിൽ ഉണ്ടാകേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം ബഹിഷ്കരിച്ചത് ഉചിതമായില്ല. ബഹിഷ്കരിച്ചവർക്കും പ്രസംഗം ചർച്ചചെയ്യേണ്ടിവന്നു. സന്ദേശം അത്രമാത്രം പ്രസക്തമായിരുന്നുവെന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഏകാധിപത്യത്തെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് പറയുന്നത് ബംഗാളിലെ കാര്യമാകും. ഇന്ത്യ ജനാധിപത്യത്തിന്റെ നേതാവാണ്. ഇന്ത്യയുടെ ദേശീയത ആക്രമണോൽസുകമല്ല. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ഇന്ത്യയിൽ നടക്കുകയാണ്. രാജ്യത്ത് വിദേശ നിക്ഷേപം റെക്കോർഡ് നിലയിലെത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കർഷക സമരത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി കൃഷിമന്ത്രിയുടെ ചോദ്യങ്ങൾക്ക് ആരും മറുപടി നൽകുന്നില്ലെന്നു പറഞ്ഞു. സമരം എന്തിനാണെന്നും ആരും കൃത്യമായി പറയുന്നില്ല. കൃഷി നിയമങ്ങളെ ശരദ് പവാറും കോൺഗ്രസും പിന്തുണച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കൃഷി നിയമം ചർച്ചയിലുണ്ട്. പ്രതിപക്ഷം യു ടേൺ എടുത്തു. പോരായ്മകൾ ഉണ്ടെങ്കിൽ മെച്ചപ്പെടുത്താം. നടപ്പാക്കില്ലെന്ന് വാശിപിടിക്കുന്നത് ശരിയല്ല. 

കാർഷിക പരിഷ്കരണം വേണം. കാത്തുനിൽക്കാൻ സമയമില്ല. ഇന്ത്യയാകെ ഒറ്റ ചന്തയാക്കണം എന്നത് മുൻ പ്രധാനമന്ത്രി മന്‍മോഹൻ സിങ് നിർദേശിച്ചതാണ്. മന്‍മോഹൻ സിങ് പറഞ്ഞത് മോദി നടപ്പാക്കിയെന്ന് കോൺഗ്രസിന് അഭിമാനിക്കാം. മാറ്റം അനിവാര്യമെന്ന് കർഷകരെ പ്രതിപക്ഷം ബോധ്യപ്പെടുത്തണം. മാറ്റം കൊണ്ടുവന്നപ്പോൾ ലാൽ ബഹാദൂർ ശാസ്ത്രിയെയും വിമർശിച്ചിരുന്നു. അമേരിക്കയുടെ ഏജന്റ് എന്ന് ആക്ഷേപിച്ചിരുന്നു.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാം. പ്രതിഷേധക്കാരെ ചർച്ചയിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രായമായ പ്രതിഷേധക്കാർ വീടുകളിലേക്ക് മടങ്ങണം. നിയമങ്ങൾ നടപ്പക്കാൻ അവസരം നൽകണം. ചീത്തവിളി കേൾക്കാൻ ഞാൻ തയ്യാറാണ്. ഒരുമിച്ച് മുന്നോട്ട് പോകാം. നല്ല നിർദേശങ്ങൾ സ്വീകരിക്കാം. കർഷകരെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കാർഷികോൽപന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില നിലനിർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷക സമരം കാര്യങ്ങൾ ശരിക്കു മനസിലാക്കാതെയാണ്. ചെറുകിട കർഷകർക്ക് കൂടി ഗുണം ചെയ്യുന്നതാണ് കർഷക നിയമങ്ങൾ. സമരം അവകാശമാണ്. പക്ഷേ പ്രായമായവരെ നിരത്തി കഷ്ടപ്പെടുത്തുന്നത് ശരിയല്ല. സമരം നിർത്തി ചർച്ചയ്ക്കു തയാറാവണം. സർക്കാർ വാതിലുകൾ അടച്ചില്ല. 

സിഖുകാരെ പ്രശംസിച്ച പ്രധാനമന്ത്രി അവരിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. ബുദ്ധിജീവികളെപ്പോലെ സമരജീവികളുമുണ്ടെന്നും ഇവർക്ക് സമരനിക്ഷേപം വരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മോദിയെ വിമർശിച്ച് ചർച്ചകൾ സജീവമാക്കൂ, അവസരം ഉപയോഗപ്പെടുത്തൂ (മോദി ഹൈ മോക്കാ ലീജിയെ) എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം നിർത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്കരിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ സഭ വിട്ടിറങ്ങിയിരുന്നു.