കൊട്ടാരക്കര ഡിപ്പോയിൽ നിന്നും മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ കണ്ടെത്തി

single-img
8 February 2021

ഇന്ന് പുലര്‍ച്ചെ മുതൽ കാണാതായ കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ബസ് കൊല്ലം പാരിപ്പള്ളിയിൽ നിന്നും കണ്ടെത്തി. ഇന്നലെ സര്‍വീസ് പൂര്‍ത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ചത്.തുടര്‍ന്ന് ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പല്‍ ഓഫീസിന് സമീപം വണ്ടി നിര്‍ത്തിയിടുകയായിരുന്നു. ഇന്ന് രാവിലെ വണ്ടി എടുക്കാനായി ഡ്രൈവര്‍ എത്തിയെങ്കിലും പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു.

ബസ് കാണാത്തതിനെ തുടര്‍ന്ന് സമീപത്തെ കടകളിലെ സിസിടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാത്രി ഒന്നരയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ദിപ്പോ അധികൃതര്‍ രാവിലെതന്നെ പോലീസില്‍ പരാതി നല്‍കി.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസും അധികൃതരും വ്യാപക പരിശോധന നടത്തി. ഇതിനിടെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്ത് ബസ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. നിലവില്‍ മോഷ്ടാവിനെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണം തുടരുകയാണ്.