കോൺഗ്രസ്സിന്‌ കൂടുതൽ സീറ്റുകളുറപ്പാക്കും; ഘടക കക്ഷികള്‍ക്ക് അധിക സീറ്റ് എന്ന ആവശ്യത്തിന് വഴങ്ങില്ല

single-img
8 February 2021

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 50 സീറ്റുകളിലെങ്കിലും വിജയിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് യു.ഡി.എഫിന് അധികാരത്തിലെത്താന്‍ സാധ്യതയുള്ളുവെന്നാണ് പാര്‍ട്ടി കേരളഘടകത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും നിഗമനം.

ഈ പ്രത്യേക സാഹചര്യത്തില്‍ മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് അധിക സീറ്റ് നൽകണം എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്‌തേക്കില്ല. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റിനേക്കാള്‍ ആറ് സീറ്റ് അധികം വേണമെന്നായിരുന്നു മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ലീഗിനെ സി.പി.എം. ലക്ഷ്യമിടുന്ന പശ്ചാത്തലത്തില്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് ആറ് സീറ്റെന്ന ആവശ്യത്തിന് പകരം രണ്ട് സീറ്റും ഒന്നില്‍ പൊതുസ്വതന്ത്രനും എന്ന നിലപാടാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചത്.

ഈ പശ്ചാത്തലത്തില്‍ രണ്ട് സീറ്റ് കിട്ടിയാല്‍ പോലും എതിര്‍ക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട്. തങ്ങള്‍ക്ക് ലഭിച്ച സീറ്റുകള്‍ക്ക് പുറമേയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുക എന്നതിനാകും പാര്‍ട്ടി ശ്രദ്ധ കൊടുക്കുക. മുന്നണിയില്‍ കൂടുതല്‍ സീറ്റിനായി കടുംപിടുത്തം നടത്തുന്ന ജോസഫ് പക്ഷത്തിന്റെ ആവശ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ലീഗിന്റെ നിലപാട് കോണ്‍ഗ്രസിന് കരുത്താകും.

മുന്നണിയിലെ രണ്ടാം കക്ഷി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമ്പോള്‍ ജോസഫ് പക്ഷവും നിലപാട് മാറ്റാന്‍ തയ്യാറാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. 13 സീറ്റാണ് ജോസഫ് പക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ഒമ്പത് സീറ്റില്‍ കൂടുതല്‍ പറ്റില്ലെന്ന് കോണ്‍ഗ്രസും നിലപാട് എടുത്തിട്ടുണ്ട്.

ജോസഫ് വഴങ്ങിയാല്‍ അവരുമായുള്ള സീറ്റ് വിഭജനം ആദ്യം പൂര്‍ത്തിയാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈമാസം 15-ന് ശേഷം ഏത് ദിവസം വേണമെങ്കിലും ഉണ്ടായേക്കാമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അതിന് മുമ്പ് സീറ്റിന്റെ കാര്യത്തില്‍ ധാരണയാകേണ്ടത് നിര്‍ണായകമാണ്.

കോണ്‍ഗ്രസിന് സീറ്റ് കൂടുതല്‍ തെക്കന്‍ കേരളത്തില്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഇത് മുന്‍നിര്‍ത്തിയാണ് ശബരിമല വിഷയം ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയതും അത് രാഷ്ട്രീയമായി കേരളത്തില്‍ ചര്‍ച്ചയായതും. ഇപ്പോള്‍ ഈ വിഷയത്തില്‍ സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഗുണം ചെയ്യുമെന്ന് അവര്‍ വിലയിരുത്തുന്നു.