കഠുവ കേസിന് കേരളത്തിൽ നിന്നും പണം ലഭിച്ചിട്ടില്ല; മുബീൻ ഫറൂഖിയ്ക്ക് കേസ് നടത്തിപ്പുമായി ബന്ധമില്ല: യൂത്ത് ലീഗിനെ വെട്ടിലാക്കി ദീപിക സിങ് രജാവത്

single-img
7 February 2021
youth league deepika singh rajavat

കഠുവ ബലാൽസംഗക്കേസിൽ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർക്ക് പണം നൽകിയെന്ന യൂത്ത് ലീഗിൻ്റെ അവകാശവാദത്തെ പൊളിച്ചടുക്കി കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് ദീപിക അറിയിച്ചു.

കഠുവ അഭിഭാഷകര്‍ക്ക്  9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. കഠുവ കേസിലെ അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തി മുബീൻ ഫറൂഖി എന്ന അഭിഭാഷകനെയും വാർത്താ സമ്മേളനത്തിൽ ഹാജരാക്കിയിരുന്നു. എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് പറഞ്ഞു.

കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നത്. കേരളത്തില്‍ നിന്ന് യാതൊരു പണം ലഭിച്ചിട്ടില്ല. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് പറഞ്ഞു.

കഠുവ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും  നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. മുബീന്‍ ഫാറൂഖിയാണ് കോടതികളില്‍ കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മുബീന്‍ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്.

Nobody from Kerala paid any money; Kathua Case lawyer Deepika Singh Rajawat against the claim of Muslim Youth League leaders