പശ്ചിമ ബംഗാളിൽ ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം പതിപ്പാണ് മമത സർക്കാർ: നരേന്ദ്ര മോദി

single-img
7 February 2021

പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാരിന്റെ ഭരണത്തിൽ വീണ്ടും കമ്യൂണിസം പുനർജനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ഭരണത്തിലിരുന്നിരുന്ന ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം പതിപ്പാണ് മമതയുടെ കീഴിൽ ഇപ്പോൾ നടക്കുന്ന ഭരണമെന്നും അദ്ദേഹം ആരോപിച്ചു. തൃണമൂലിന്റെ രഹസ്യ സഖ്യങ്ങളെ സൂക്ഷിക്കണമെന്നും അവരുടെ ഇടത്-കോൺഗ്രസ് ചങ്ങാത്തങ്ങളിൽ നിന്നും അകന്നുനിൽക്കണമെന്നും ബംഗാളിലുള്ള ഈസ്റ്റ് മിഡ്നാപ്പോറിലെ റാലിയിൽ വോട്ടർമാരോട് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ രാഷ്ട്രീയമാണ് ബംഗാളിന്റെ ഇന്നത്തെ അവസ്ഥയ്ക്കുള്ള ഏറ്റവും വലിയ കാരണമെന്നും മോദി ആരോപിച്ചു. നന്ദിഗ്രാമിൽ വെടിയുതിർത്തവരെ പാർട്ടിയിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്ന ബംഗാളിലെ ജനങ്ങൾ മമതയോട് ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഉംപുൻ ചുഴലിക്കാറ്റ് പോലെയുള്ള പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടായ അവസരങ്ങളിൽ പോലും അവർ അഴിമതി നടത്താനുള്ള അവസരം തേടിയതായും പ്രധാനമന്ത്രി ആരോപിച്ചു.

പ്രകൃതിക്ഷോഭമുണ്ടായ ഉടനെ തന്നെ കേന്ദ്ര സർക്കാർ ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകിയെന്നും സംസ്ഥാന സർക്കാർ അത് ജനങ്ങൾക്ക് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും മോദി പറയുന്നു.കൊവിഡിന്റെ സമയത്ത് കേന്ദ്ര സർക്കാരിന്റെ ‘കിസാൻ സമ്മാൻ’ പദ്ധതിയുടെ ഗുണഫലങ്ങൾ സംസ്ഥാനത്തെ കർഷകർക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.