അധികാരത്തില്‍ വന്നാല്‍ ബിജെപി കേരളത്തിൽ ‘ലൗ ജിഹാദ്’ നിയമം കൊണ്ടുവരും: കെ സുരേന്ദ്രന്‍

single-img
7 February 2021

കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ യുപി മാതൃകയിൽ ‘ലൗ ജിഹാദ്’ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫും എൽഡിഎഫും ലൗ ജിഹാദ് നിയമം കൊണ്ടുവരാൻ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ അധികാരം ലഭിച്ചാൽ എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിടും. വിശ്വാസികളുടെ കാര്യത്തിൽ വലിയ താത്പര്യമുണ്ടെന്ന് പറയുന്ന എൽ.ഡി.എഫും യു.ഡി.എഫും ദേവസ്വം ബോർഡുകൾ രാഷ്ട്രീയവിമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രകടനപത്രികയിൽ അവരുടെ നിലപാട് പറയുമോ? കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ക്ഷേത്രങ്ങളെ കൈയടക്കിവെച്ചിരിക്കുന്ന സർക്കാർ നയമാണ്.

പ്രധാനപ്പെട്ട ക്ഷേത്രങ്ങളെല്ലാം സർക്കാരിന്റെ കയ്യിലാണ്. ദേവസ്വം ബോർഡ് കൊള്ളയടിച്ച് രാഷ്ട്രീയക്കാരെ അവിടെ തിരുകികയറ്റി രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്നതിൽ ഹിന്ദു സമൂഹം പ്രതിഷേധത്തിലാണ്,” കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമല പ്രക്ഷോഭ സമയത്ത് യുഡിഎഫ് നേതാക്കൾ മാളത്തിലൊളിച്ചു. കോൺഗ്രസിന്റെ ഒരു നേതാവും സമരത്തിൽ തങ്ങൾക്കൊപ്പമില്ലായിരുന്നു. ശബരിമല വിഷയത്തിൽ ഉമ്മൻ ചാണ്ടി ക്രൂരമായ നിലപാടാണ് സ്വീകരിച്ചത്. ഒരു പ്രസ്താവന പോലും ഇറക്കിയില്ല. ഹിന്ദുക്കളുടെ കാര്യമായതിനാൽ അവർ എന്തുവേണമെങ്കിലും ആയിക്കോട്ടെയെന്ന നിലപാടായിരുന്നു ഉമ്മൻചാണ്ടിക്കെന്നും സുരേന്ദ്രൻ പറഞ്ഞു.