“ഈ കരിനിയമങ്ങൾ പിൻവലിക്കാതെ നിങ്ങൾ മടങ്ങരുത്”: സമരഭൂമിയിൽ 52 വയസുള്ള കർഷകൻ ആത്മഹത്യ ചെയ്തു

single-img
7 February 2021

ഡൽഹിയിലെ കര്‍ഷകപ്രക്ഷോഭ(Farmer Protest)വേദിയില്‍ ഒരു കർഷകൻ കൂടി ആത്മഹത്യ(Suicide) ചെയ്തു. ഹരിയാനയിലെ ജിന്‍ഡില്‍ നിന്നുള്ള കര്‍ഷകനാണ് തിക്രിസമരവേദിയില്‍ (Tikri border) ജീവനൊടുക്കിയത്. കര്‍ഷകപ്രക്ഷോഭം 74 ദിവസം പിന്നിടുമ്പോഴാണ് ആറാമത്തെ കർഷകൻ ആത്മഹത്യ ചെയ്യുന്നത്.

തിക്രിസമരവേദിക്ക് അടുത്തുള്ള പാര്‍ക്കിലെ മരത്തിലാണ് 52കാരനായ കരംവീര്‍സിങ്ങി(Karamveer Singh)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാദമായ കരിനിയമങ്ങള്‍ മോദി സര്‍ക്കാര്‍ എന്ന് പിന്‍വലിക്കുമെന്ന് അറിയില്ലെന്നും നിയമങ്ങൾ പിൻവലിച്ച ശേഷമേ മടങ്ങാവുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. “ഭാരതീയ കിസാൻ യൂണിയൻ സിന്ദാബാദ്” എന്ന മുദ്രാവാക്യത്തോടെയാണ് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ് ആരംഭിക്കുന്നത്.

“പ്രിയ കർഷക സഹോദരങ്ങളെ, ഈ മോദി സർക്കാർ തീയതിയ്ക്ക് പിന്നാലെ തീയതി നൽകി ചർച്ച നീട്ടുകയാണ്. ഈ കരിനിയമങ്ങൾ എന്ന് പിൻവലിക്കുമെന്ന് അറിയില്ല. ഈ കരിനിയമങ്ങൾ പിൻവലിക്കുന്നത് വരെ നാം ഇവിടം വിട്ട് പോകരുത്” കരം വീർ സിങ് കുറിച്ചു.

കരം വീർ സിങിൻ്റെ മൃതദേഹം മോർച്ചരിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബന്ധുക്കളെത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമോര്‍നടക്കുകയുള്ളൂവെന്നും ബഹദൂർഗഢ് സിറ്റി പൊലീസ് സ്റ്റേഷൻ (Bahadurgarh City police station) ഹൗസ് ഓഫീസർ ഇൻസ്പെക്ടർ സുനിൽ കുമാർ (Sunil Kumar) അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

52 year old farmer dies by suicide, names PM Modi in suicide note