നിയമനവുമായി ബന്ധമില്ലാത്ത റാങ്ക് ലിസ്റ്റ് കാണിച്ചു: ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെ ഫോൺ വിളിച്ച് ലൈവായി പൊളിച്ചടുക്കി നിനിത കണിച്ചേരി

single-img
6 February 2021
Ninitha Kanicheri

കാലടി സർവ്വകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചര്‍ച്ചയില്‍ ഏഴുവര്‍ഷം മുന്‍പേയുള്ള പിഎസ്സി റാങ്ക് ലിസ്റ്റാണ് കാണിച്ച് കൊണ്ടിരിക്കുന്നതെന്നും ചാനല്‍ അവതാരകനായ വിനു വി. ജോണ്‍ നടത്തുന്നത് വ്യക്തിഹത്യയാണെന്നും എം ബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരി. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലേക്ക് വിളിച്ചായിരുന്നു നിനിതയുടെ പ്രതികരണം.

212ാം റാങ്കുകാരിയായി തന്നെ കാണിക്കുന്ന ചാനൽ, തന്നെ ഒന്നാം റാങ്ക് കാരിയായി പ്രഖ്യാപിച്ച സര്‍വ്വകലാശാലാ റാങ്ക് ലിസ്റ്റില്‍ രണ്ടും മൂന്നും റാങ്ക് നേടിയവര്‍ ഈ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉണ്ടോ എന്ന് കാണിക്കേണ്ടതാണ്. അതൊരു മര്യാദയാണ്. ചാനൽ തൻ്റെ പേരും തൻ്റെ റാങ്കും മാത്രമാണ് കാണിക്കുന്നതെന്നും നിനിത പറഞ്ഞു.

“പക്ഷെ ഇതിലെ മറ്റു രണ്ട് പേരും ആ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ആളുകളാണ്. സത്യത്തില്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഈ റാങ്ക് ലിസ്റ്റിന് യാതൊരു ബന്ധവുമില്ല. എന്നിട്ട് ഈ റാങ്ക് ലിസ്റ്റ് കാണിച്ച് ഞാന്‍ പുറകില്‍ നില്‍ക്കുന്ന ആളാണ് എന്ന് നിങ്ങള്‍ ഫലിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ഏഴു കൊല്ലം മുമ്പ് ഞാന്‍ എഴുതിയ പി.എസ്.സി റാങ്ക് പട്ടികയാണ്.” നിനിത പറഞ്ഞു.

നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ സര്‍വ്വകലാശാലയോട് ചോദിച്ചോളൂ. ഞാനും അത് തന്നെയാണ് ആവശ്യപ്പെടുന്നത്. അതിലൊന്നും എനിക്ക് അഭിപ്രായം പറയാനില്ല. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് വ്യക്തിഹത്യയാണ്, നിനിത പറഞ്ഞു. ഈ റാങ്ക് ലിസ്റ്റിലുള്ള ആളുകളെ മറികടന്നാണ് താന്‍ നിയമനം തേടിയതെന്നാണ് ഏഷ്യാനെറ്റ് പറഞ്ഞു വെക്കുന്നതെന്നും നിനിത കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ ഈ ചര്‍ച്ച ഇത്രയും നേരമായിട്ട് കണ്ട് കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെയൊക്കെ ലക്ഷ്യം ഞാനല്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഞാന്‍ ഇതില്‍ പ്രതികരിക്കാതിരുന്നത്. ഈ ചര്‍ച്ച എന്നെ കൂടി ബാധിക്കുന്നതാണെന്നുള്ളത് കൊണ്ടാണ് കണ്ടത്. പക്ഷെ എന്നെക്കുറിച്ച് നിങ്ങള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ അത് ബോധ്യപ്പെടുത്താന്‍ മാത്രമാണ് ഞാന്‍ ഇപ്പോള്‍ വിളിക്കുന്നത്.” നിനിത പറഞ്ഞു.

വിവാദം തങ്ങളുടെ മേലേക്ക് ചാരാനുള്ള ലക്ഷ്യം വെച്ചായിരിക്കും നിനിത വിളിച്ചതെന്ന് അറിയാമായിരുന്നു എന്നാണ് വിനു മറുപടിയായി പറഞ്ഞത്. നിനിതയെ അഭിമുഖം ചെയ്ത മൂന്ന് വിഷയ വിദഗ്ധരാണ് ഇത് ചര്‍ച്ചയാക്കിയതെന്നും ഏഷ്യാനെറ്റ് അല്ലെന്നുമാണ് വിനു പറഞ്ഞത്.

എന്നാല്‍ അത്തരമൊരു വാദം താന്‍ ഉന്നയിച്ചില്ലെന്നും വിനു ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയരുതെന്നുമായിരുന്നു നിനിത പറഞ്ഞത്. ഈ നാട്ടില്‍ ഭര്‍ത്താവിന്റെ മേല്‍വിലാസത്തില്‍ മാത്രമല്ല സത്രീകള്‍ ജീവിക്കുന്നത്. സ്വതന്ത്രമായി ജീവിതം കൂടി സ്ത്രീകള്‍ക്കുണ്ടെന്നും നിനിത കൂട്ടിച്ചേര്‍ത്തു.

Ninitha Kanichery in Asianet News hour