രാജ്യത്ത് ആദ്യം; പാസ്‌പോര്‍ട്ട് നൽകണമെങ്കിൽ സോഷ്യല്‍ മീഡിയ വെരിഫിക്കേഷനുമായി ഉത്തരാഖണ്ഡ് പോലീസ്

single-img
5 February 2021

പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള അപേക്ഷകര്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയകളിലെ പെരുമാറ്റം കൂടി പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് പോലീസിന്റെ തീരുമാനം. കൂടി വരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുന്നതിനാണ് നടപടിയെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം പാസ്‌പോര്‍ട്ടിനായി സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്.

വെരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായി തന്നെ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പെരുമാറ്റങ്ങള്‍ പരിശോധിക്കാനാണ് പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും, അത് നടപ്പാക്കുന്നതിനെ കുറിച്ച് മാത്രമാണ് താന്‍ സംസാരിച്ചതെന്നും പോലീസ് മേധാവി പറഞ്ഞു.

പുതിയതോ കഠിനമായതോ ആയ ഒരു നിബന്ധനകളും താന്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും, ഭരണഘടന നിര്‍വചിച്ചിരിക്കുന്ന പ്രകാരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ക്കെതിരെ ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ നിലകൊള്ളുമെന്നും അശോക് കുമാര്‍ പറഞ്ഞു.