സംസ്‌ഥാന പാത നിര്‍മാണത്തിനായി പൊട്ടിച്ച പാറ വീണത് വീടിനു മുകളില്‍; എട്ടുവയസുകാരൻ ആര്യന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

single-img
5 February 2021

പുനലൂര്‍ – മൂവാറ്റുപുഴ സംസ്‌ഥാന പാത നിര്‍മാണത്തിനായി പൊട്ടിച്ച പാറ കഷണം പതിച്ചതു വീടിനു മുകളില്‍. എട്ടു വയസ്സുകാരൻ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. കറിക്കാട്ടൂര്‍ ആനിവേലില്‍ സുരേഷിന്റെ വീടിന്‌ മുകളിലാണു പാറ കഷണം വീണത്‌.

പുനലൂര്‍ – മൂവാറ്റുപുഴ സംസ്‌ഥാന പാത നിര്‍മാണത്തിനായാണ്‌ റോഡരികിലെ പാറപൊട്ടിച്ചു മാറ്റുന്നത്‌. മേല്‍ക്കൂരയും സീലിങ്ങും തകര്‍ത്തു വീടിനുള്ളിലേക്ക്‌ കരിങ്കല്‍ പതിച്ചു. സുരേഷിന്റെ മകന്‍ ആര്യന്‍ ഇരുന്ന കസേരയുടെ അരികിലാണ്‌ കല്ല്‌ വീണത്‌. ഞൊടിയിടയില്‍ മാറിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കല്ലുകള്‍ പതിച്ചതോടെ വീടിന്റെ റൂഫ് ഷീറ്റുകള്‍ തകര്‍ന്നിട്ടുണ്ട്‌. ഹാളിലെ ഫാനും തകര്‍ന്നു.

മേഖലയില്‍ സമാന സംഭവങ്ങൾ ഇതിന്ണ്ടാ മുമ്പും ഉണ്ടായിട്ടുണ്ട്‌. പല വ്യാപാരസ്‌ഥാപനങ്ങളിലും കല്ലു പതിച്ച്‌ നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്‌. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണു പാറകള്‍ വെടിവച്ചു പൊട്ടിക്കുന്നത്‌. സമീപവാസികള്‍ ഇതോടെ ഭീതിയിലാണ്‌ കഴിയുന്നത്‌. ഏതു സമയവും അപകടം സംഭവിച്ചേക്കാം. പാറപ്പൊട്ടിക്കുന്ന സമയത്ത്‌ സുരക്ഷ മുന്‍കരുതലുകള്‍ പോലും നല്‍കാറില്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു.