മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി; വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു

single-img
5 February 2021

ഇടുക്കി ജില്ലയിലെ മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. ഇവിടെ ജനറേറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ നാലാംനമ്പ‍ർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃത‍ർ അറിയിച്ചു. അപകടത്തിൽ ആളപായമുണ്ടായിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിപ്പില്‍ പറയുന്നു.

ട്രാൻസ്ഫോമറിൻ്റെ സുരക്ഷാകവച്ചം ശക്തമായ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചതായാണ് സൂചന. വലിയ വെളിച്ചം കണ്ട് ജീവനക്കാർ ഓടിമാറിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. നിലവില്‍ പൊട്ടിത്തെറിയെ തുട‍ർന്ന് മൂലമറ്റം പവ‍ർ ഹൗസിലെ വൈദ്യുതി ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. വൈദ്യുതി ഉപഭോ​ഗം ഉയ‍ർന്നു നിൽക്കുന്ന പീക്ക് സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡിം​ഗ് ഏർപ്പെടുത്തി വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.