“ഒന്നാന്തരം നായര് നമ്പൂര്യാര് വരെ എല്ലാ ജോലിയും ചെയ്യും”: ജാതി അധിക്ഷേപത്തിൽ കെ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രൻ

single-img
5 February 2021
K Sudhakaran K Surendran

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ കോൺഗ്രസ് നേതാവ് കെ സുധാകരനെ(K Sudhakaran) പിന്തുണച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍(K Surendran). സുധാകരന്‍ പറഞ്ഞതിൽ ജാതി അധിക്ഷേപമൊന്നും കാണാൻ കഴിയുന്നില്ലെന്നും ചെത്ത് എന്ന തൊഴിൽ എല്ലാവരും ചെയ്യുന്നുണ്ടെന്നും സുരേന്ദ്രൻ വാദിച്ചു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

എല്ലാ ജാതിക്കാരും ചെത്തുന്നുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള തൊഴിലിപ്പോള്‍ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആശാരിപ്പണിയെടുക്കുന്നവരെല്ലാം ആശാരിമാരാണോ? മൂശാരിപ്പണി എടുക്കുന്നവരെല്ലാം മൂശാരിമാരാണോ? കൊല്ലപ്പണിയെടുക്കുന്നവരെല്ലാം കൊല്ലന്മാരാണോ? തട്ടാപ്പണിയെടുക്കുന്നവരെല്ലാം തട്ടാന്മാരാണോ? ഒന്നാം തരം നായര്, ഈഴവര്, നമ്പൂരിമാരൊക്കെ ഈ പണികളെടുക്കുന്നുണ്ട്. മുസ്ലിങ്ങള്‍ ചെത്തുന്നില്ലേ, ക്രിസ്ത്യാനികള്‍ ചെത്തുന്നില്ലേ? ചെത്തുകാരനെന്ന് പറയുന്നത് ദുരഭിമാനപ്പെടേണ്ട പണിയൊന്നുമല്ല. എനിക്കത് ഒരു ആക്ഷേപമായി തോന്നുന്നില്ല. പിണറായി വിജയന്‍ ചെത്തുകാരന്റെ മകനാണ് എന്നതില്‍ ദുരഭിമാനപ്പെടേണ്ട കാര്യമില്ല.’

സുധാകരൻ നടത്തിയത് ഒരു മോശം പരാമര്‍ശമായി തോന്നുന്നില്ലെന്നും പിണറായി വിജയന്‍ സമാന രീതിയില്‍ ആക്ഷേപിക്കുന്ന ആളാണല്ലോ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

“ചെത്തുകാരന്‍ അത്ര മോശം ജോലിയല്ല. പിണറായി വിജയന്‍ എന്തെല്ലാം പറഞ്ഞ് ആളുകളെ ആക്ഷേപിക്കുന്നുണ്ട്. അത് വലിയ വാര്‍ത്തയാവുന്നില്ലല്ലോ. രാഷ്ട്രീയ നേതാക്കളെ പരനാറിയെന്ന് പിണറായി വിജയന് വിളിക്കുന്നുണ്ട്, നികൃഷ്ട ജീവിയെന്ന് വിളിക്കുന്നുണ്ട്. പിണറായി വിജയന്‍ ചെയ്ത കാര്യം തന്നെയാണ് സുധാകരനും ചെയ്യുന്നത്.” സുരേന്ദ്രന്‍ പറഞ്ഞു.

സുധാകരനെ അടിച്ച് പുറത്താക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് ആയുധം കിട്ടിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സുധാകരനെതിരെ കോൺഗ്രസിൽ നിന്നുതന്നെ എതിർപ്പുകളുയർന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്.

BJP state chief K Surendran backs Congress leader K Sudhakaran on his casteist remark against CM Pinarayi Vijayan