ഷാനിമോളും ചെന്നിത്തലയും തിരുത്തിയത് സ്വാഗതാര്‍ഹം: കെ സുധാകരന്‍

single-img
5 February 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ചിട്ടില്ലെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. ചെത്തുകാരന്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് അപമാനം, എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അര്‍ഹിക്കുന്നുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.
നേരത്തെ ഗൗരിയമ്മയെയും മുല്ലപ്പള്ളിയെയും എംഎ കുട്ടപ്പനെയും അപമാനിച്ചവരാണ് സിപിഎമ്മുകാര്‍.

പരനാറിയെന്നും നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല. സ്വാതന്ത്ര്യ സമരസേനാനികൂടിയായ മുല്ലപ്പള്ളിയുടെ പിതാവിനെ ‘അട്ടംപരതി’യെന്ന് അധിക്ഷേപിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പിണറായി വിജയന്‍റെ അച്ഛന്‍ തേരാപാരാ നടക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രി. എ കെ ബാലനൊക്കെ ഇപ്പോ രംഗത്തിറങ്ങിയിട്ടുണ്ട്. ഒരു ചാനലില്‍ വന്ന എന്റെ പ്രസംഗത്തിന് സിപിഎമ്മുകാര്‍ പ്രതികരിക്കുന്നത് വ്യാഴാഴ്ചയാണ്.

ഈ രണ്ടു ദിവസം അവര്‍ ഉറങ്ങിയോ. രണ്ട് ദിവസം കഴിഞ്ഞണ് അവര്‍ക്ക് ബോധോദയം ഉണ്ടായത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അതിന് കാരണം ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോള്‍ ഉസ്മാന്‍ യാതൊരു ആവശ്യവുമില്ലാത്ത ഒരു കാര്യത്തില്‍ ഇടപെട്ടു. എന്തായാലും അവരത് തെറ്റ് മനസ്സിലാക്കി തിരുത്തി. ഷാനിമോളും ചെന്നിത്തലയും തിരുത്തിയത് സ്വാഗതാര്‍ഹമെന്നും സുധാകരന്‍ പറഞ്ഞു.