മുഖ്യമന്ത്രിയുടെ ഇടപെടൽ; 108 ആംബുലൻസ് കരാര്‍ വ്യവസ്ഥ ലംഘിച്ചതിനുള്ള 8.7 കോടിയുടെ പിഴ റദ്ദാക്കി

single-img
5 February 2021

108 ആംബുലൻസ് നടത്തിപ്പിൽ ജിവികെ. ഇഎംആര്‍ഐ എന്ന കമ്പനി വീഴ്ച വരുത്തിയതിന് മെഡിക്കൽ സര്‍വീസസ് കോര്‍പറേഷൻ ചുമത്തിയ 8.7 കോടി രൂപയുടെ പിഴ മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് പിഴ ഈടാക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. 

108 ആംബുലൻസ് സർവീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് 2019 ല്‍ ടെണ്ടര്‍ കിട്ടിയിട്ടും വാഹനങ്ങൾ വിന്യസിക്കുന്നതിലും ജീവനക്കാരെ നിയമിക്കുന്നതിലും കോളുകൾ എടുക്കുന്നതിലുമടക്കം ജിവികെ ഇഎംആര്‍ഐ കന്പനി വീഴ്ച വരുത്തിയെന്നും ഇതിന്‍റെ പിഴയായി 8 കോടി 71 ലക്ഷം രൂപ ഈടാക്കാനും മെഡിക്കല്‍ കോര്‍പറേഷൻ തീരുമാനിച്ചു.

എന്നാൽ മഹാരാഷ്ട്രയിലുണ്ടായ പ്രളയമാണ് കരാര്‍ വ്യവസ്ഥ ലംഘിക്കാനുണ്ടായ കാരണമെന്നും അതുകൊണ്ട് പിഴ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജിവികെ സര്‍ക്കാരിനെ സമീപിച്ചു. തവണകളായി പിഴ ഈടാക്കാനുള്ള തീരുമാനം മെഡിക്കല്‍ കോര്‍പറേഷൻ എടുത്തെങ്കിലും മുഖ്യമന്ത്രിയുടെ പരിഗണനക്കെത്തിയതോടെ വിഷയം മന്ത്രിസഭ യോഗത്തില്‍ വയ്ക്കാൻ തീരുമാനിച്ചു. 

ഇതിനിടെ കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് പിഴ ഈടാക്കാമെന്ന് ധനവകുപ്പ് കുറിപ്പെഴുതി. അതിനെ മറികടക്കാൻ നിയമ വകുപ്പിലെത്തിയെങ്കിലും എന്ത് വിഷയത്തിലാണ് നിയമ വകുപ്പ് തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമല്ലെന്നും പിഴ നടപടിയുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്നത് ഭരണ വകുപ്പ് ധനവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കാനുമാണ് നിയമവകുപ്പ് ഉപദേശം നല്‍കിയത്.

ഫയല്‍ മന്ത്രിസഭയില്‍ എത്തിയപ്പോൾ ധനവകുപ്പിൻറെ എതിര്‍പ്പ് മുഖ്യമന്ത്രി തള്ളി. പ്രളയമാണ് കരാര്‍ വ്യവസ്ഥ ലംഘിക്കാനുണ്ടായ കാരണമെന്ന ജിവികെ കന്പനിയുടെ മറുപടി അംഗീകരിച്ച് പിഴ ഒഴിവാക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇത് അംഗീകരിച്ച് പിഴ ഒഴിവാക്കി ഉത്തരവും ഇറങ്ങി.