ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു; ബിനീഷ് പറഞ്ഞാല്‍ അനൂപ് എന്തുംചെയ്യും ഇ ഡി കുറ്റപത്രം

single-img
5 February 2021

മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്‍റെ ബോസ്സാണെന്ന് എൻഫോഴ്‌സ്‌മെന്റ്. ബിനീഷ് പറഞ്ഞാല്‍ അനൂപ് എന്തുംചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയതായും ഇ ഡിയുടെ കുറ്റപത്രത്തിലുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. ബിനീഷിനെ നാലാം പ്രതിയാക്കി ഇ ഡി ഡിസംബര്‍ 22ന് ബെംഗളൂരു പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.   

കഴിഞ്ഞ ജൂണിൽ നടന്ന ലഹരി പാർട്ടിക്കിടെ കേരള സർക്കാരിന്‍റെ കരാറുകൾ ലഭിക്കാൻ കേസിലെ പ്രതികളായ ബിനീഷ് ഉള്‍പ്പടെയുള്ളവര്‍ ചർച്ച നടത്തി. കരാർ ലഭ്യമാക്കാൻ ബിനീഷിന് 3- മുതൽ 4 ശതമാനം വരെ കമ്മീഷൻ ഓഫർ ചെയ്‌തതായി മറ്റുള്ളവർ മൊഴി നൽകിയതായും കുറ്റപത്രത്തിലുണ്ട്.

2020 ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. 

ഇ ഡി കസ്റ്റഡി കാലാവധിക്കു ശേഷം നവംബര്‍ 11ന് കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലടച്ചു.