പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല; എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം: നടൻ സലീം കുമാർ

single-img
4 February 2021

കർഷകസമരത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര താരം സലീം കുമാർ. കർഷകസമരത്തിനെ വിദേശ സെലിബ്രിറ്റികൾ അനുകൂലിച്ചതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തിൽ ഇന്ത്യക്കാരടക്കം ലോകം മുഴുവനുമുള്ളയാളുകൾ പ്രതിഷേധം രേഖപ്പെടുത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

“അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.”

സലീം കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്‌റ്റിന്റെ പൂർണരൂപം വായിക്കാം:

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു.

അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.

അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിന് രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.

Content: Malayalam movie actor Salim Kumar extends his support for Farmers