ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാക്കാൻ രാജസേനൻ

single-img
4 February 2021

അഭയ കേസുമായി ബന്ധപ്പെട്ട് വർത്തകളിലിടം പിടിച്ച സാമൂഹ്യപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. അഭയകേസിന്റെ നാള്‍വഴികളായിരിക്കും സിനിമയുടെ പ്രമേയം. രാജസേനൻ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നാല് മാസത്തിനുള്ളിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

സിനിമയിലെ അഭിനേതാക്കൾ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജോമോൻ പുത്തൻപുരയ്‍ക്കലിന്റെ വേഷത്തില്‍ ആരായിരിക്കും എത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമൂഹം നേരിട്ട് മനസിലാക്കിയ ഒരു സംഭവം സിനിമയാക്കുമ്പോഴുള്ള വെല്ലുവിളിയുണ്ടാകും. അഭയ കേസിലെ സമകാലീന സംഭവവികാസങ്ങള്‍ അടക്കം സിനിമയുടെ പ്രമേയമാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

സിസ്റ്റര്‍ അഭയ 1992ലാണ് കൊല്ലപ്പെട്ടത്. നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2020ലാണ് കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിക്കും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷവിധിച്ചത്.