ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി ബിജെഎസ് യുഡിഎഫിനൊപ്പം; പോയത് സീറ്റ് ലഭിക്കാനെന്ന് തുഷാർ വെള്ളാപ്പള്ളി

single-img
4 February 2021
BDJS split BJS

കേരളത്തിലെ എൻഡിഎയുടെ സഖ്യകക്ഷിയായ ഭാരത് ധർമ ജനസേന (ബിഡിജെഎസ്-BDJS)) പിളർന്നു. പാർട്ടിവിട്ടവർ ചേർന്ന് ഭാരതീയ ജനസേന (ബിജെഎസ്-BJS) എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ബി‍ഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന വി.ഗോപകുമാർ, കെ.കെ.ബിനു, എൻ.കെ. നീലകണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി.

ശബരിമല വിഷയത്തിൽ ബിജെപി ഹൈന്ദവരെ കബളിപ്പിച്ചുവെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നും ബിജെഎസ് അറിയിച്ചു. കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാൻ ബിജെപി – ബിഡിജെഎസ് പ്രവർത്തകർക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ്  നേതാക്കളായ എൻ.കെ.നീലകണ്ഠൻ ,വി.ഗോപകുമാർ എന്നിവർ കൊച്ചിയിൽ ആരോപിച്ചു.

എൻ.കെ നീലകണ്ഠൻ (പ്രസിഡന്റ്), വി.ഗോപകുമാർ, കെ.കെ ബിനു (വർക്കിങ് പ്രസിഡന്റുമാർ), കെ.എസ്.വിജയന്‍ (ജനറല്‍ സെക്രട്ടറി), ബൈജു എസ്.പിള്ള (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 50 അംഗ സംസ്ഥാന എക്സിക്യൂട്ടീവും ചുമതലയേറ്റു. ബിഡിജെഎസിലെ ഭൂരിപക്ഷം സംസ്ഥാന കൗണ്‍സില്‍ നേതാക്കളും 11 ജില്ലാ കമ്മിറ്റികളും ഒപ്പമുണ്ടെന്ന് ബിഡിജെഎസ് വിട്ടവര്‍ അവകാശപ്പെട്ടു.

ശബരിമല വിഷയത്തിലടക്കം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നല്‍കി. ശബരിമല വിഷയത്തില്‍ വിശ്വാസികളെ പിണറായി സര്‍ക്കാര്‍ ചവിട്ടിയരച്ചു. അവര്‍ക്ക് വോട്ട് ചെയ്യാന്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ബിജെപി രഹസ്യ നിര്‍ദേശം നല്‍കി. ശബരിമല വിഷയത്തില്‍ ബിജെപി വഞ്ചിച്ചെന്ന് ബിഡിജെഎസ് വിമതര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അര്‍ഹമായ പരിഗണന തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നീലകണ്ഠൻ പറഞ്ഞു.

അതേസമയം, ബിഡിജെഎസ് പിളർന്നിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. എല്ലാ ജില്ലാ കമ്മിറ്റികളും തങ്ങൾക്കൊപ്പമാണ്. ഗോപകുമാർ ഒന്നര മാസം മുമ്പ് രാജിവച്ചയാളാണ്. കളമശേരി സീറ്റ് ലഭിക്കാൻ വേണ്ടിയാണ് ഗോപകുമാർ പോയതെന്നും തുഷാര്‍ പറഞ്ഞു.

Content: BDJS party splits; Rebel faction form new party – BJS