ജസ്നയുടെ തിരോധാനത്തിൽ പ്രതിഷേധിച്ച് ഹൈക്കോടാതി ജഡ്ജിയുടെ കാർ തടഞ്ഞ് കരി ഓയിൽ ആക്രമണം; അക്രമി അറസ്റ്റിൽ

single-img
3 February 2021
jasna reghunathan nair high court

ഹൈക്കോടതി ജസ്റ്റിസ് വി ഷിർസിയ്ക്ക് നേരേ കരി ഓയിൽ ആക്രമണം. എരുമേലി സ്വദേശി രഘുനാഥൻ നായരാണ് ജഡ്ജിയുടെ കാർ തടഞ്ഞ് കരി ഓയിൽ ആക്രമണം നടത്തിയത്. ജസ്നയുടെ തിരോധാനത്തിൽ നടപടിയുണ്ടായില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.

രാവിലെ ഒമ്പത് നാൽപ്പത്തിയഞ്ചോടെ ജഡ്ജിയുടെ വാഹനം ഒന്നാം ഗെയിറ്റിലൂടെ ഹൈക്കോടതിയിലേയ്ക്ക് പ്രവേശിക്കവെയായിരുന്നു  കരി ഓയിൽ ആക്രമണം. ഹൈക്കോടതിയുടെ മുഖ്യ കവാടത്തിന്  മുൻപിൽ നിന്നും 50 മീറ്റർ മാറിയാണ്  സംഭവം നടന്നത്. ഇയാളെ ഹൈക്കോടതി സുരക്ഷ ജീവനക്കാർ പിടികൂടി സെൻട്രൽ പോലീസിന് കൈമാറി. ന്യായാധിപൻമാർക്ക് നേരെ ഇത്തരത്തിലാരു അസാധാരണ പ്രതിഷേധം ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യ സംഭവമാണ്.

പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസ് ന്റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് താൻ നൽകിയ പരാതികൾ പോലീസ് അധികാരികൾ അവഗണിച്ചെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അതിലുള്ള പ്രതിഷേധം ആയിട്ടാണ് കരി ഓയിൽ ഒഴിച്ചത് എന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.

“ജസ്നയുടെ തിരോധാനത്തിന് പിന്നിൽ തൻ്റെ ബന്ധുവാണെന്നും അയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് താൻ ആക്രമണം നടത്തിയതെന്നുമാണ് രഘുനാഥൻ നായരുടെ വാദം. ഇയാളുടെ മറ്റ് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ” സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ആനന്ദ് ലാൽ ഇവാർത്തയോടെ പറഞ്ഞു.

ജഡ്ജിക്ക് നേരെയുണ്ടായ ആക്രമണം  അതീവ ഗുരുതര സുരക്ഷാ വീഴ്ചയാന്നെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി. കോടതിക്ക് സുരക്ഷ കൂട്ടാനുള്ള നടപടികളുമുണ്ടായേക്കും. സംഭവ സ്ഥലത്തെത്തിയ ഡി സി പി യോട് റജിസ്ട്രാർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ച ആളാണ് പ്രതിയെന്ന് ജസ്നയുടെ പിതാവ് ജയിംസ് പ്രതികരിച്ചു. ഈ മാധ്യമത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് രഘുനാഥന്‍ നായര്‍ കാണാന്‍ വന്നിരുന്നുവെന്നും ജസ്നയുടെ പിതാവ് മനോരമ ന്യൂസ് ചാനലിനോട് പ്രതികരിച്ചു. 

2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി.

പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പുണെ, ഗോവ,ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എരുമേലി വരെ ജെസ്ന പോയതായി സിസി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Content: Inking at car of Kerala High Court Justice: Assailant claims protest on Jasna missing case