കഠുവ, ഉന്നാവോ ഇരകളുടെ പേരിൽ പിരിച്ച തുക പികെ ഫിറോസ് അടക്കമുള്ള നേതാക്കൾ ചേർന്ന് വകമാറ്റിയെന്ന് ആരോപണം: യൂത്ത് ലീഗിൽ പൊട്ടിത്തെറി

single-img
2 February 2021
youth league kathua unnao fund scam

കഠുവ, ഉന്നാവോ ഇരകളുടെ പേരിൽ പിരിച്ച തുക യൂത്ത് ലീഗ് നേതാക്കൾ വകമാറ്റിയെന്ന് ആരോപിച്ച് മുൻ യൂത്ത് ലീഗ് നേതാവ് രംഗത്ത്. പികെ ഫിറോസ് അടക്കമുള്ള യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണമാണ് യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗമായ യൂസഫ് പടനിലം ഉന്നയിച്ചിരിക്കുന്നത്.

കശ്മീരിലെ കഠുവയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും ബലാൽസമഗത്തിനിരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കുന്നതിനായി പിരിച്ച ഒരുകോടിയോളം രൂപ വകമാറ്റി ചെലവഴിച്ചു എന്നാണ് ആരോപണം. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അടക്കമുള്ളവർ ഇതിൽ നിന്നും തുക വകമാറ്റിയെന്നും യൂസഫ് ആരോപിക്കുന്നു.

“എത്ര രൂപ കിട്ടിയെന്നോ എത്ര രൂപ ചെലവഴിച്ചുവെന്നോ കൃത്യമായ കണക്ക് ഇതുവരെ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല. പികെ ഫിറോസ് നയിച്ച 2019-ലെ യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീർക്കാൻ എന്ന പേരിൽ ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വകമാറ്റിയിരുന്നു. രോഹിത് വെമുലയുടെ ഭവനനിർമാണത്തിന് നൽകിയ അഞ്ചുലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് പറഞ്ഞ് അതിലേയ്ക്ക് അഞ്ചുലക്ഷം രൂപയും വകമാറ്റി. ഇതെല്ലാം വാക്കാൽ അറിയിച്ച് കാര്യങ്ങളാണ്. ഇതിനൊന്നും രേഖയില്ല.” യൂസഫ് പടനിലം ഇവാർത്തയോട് പറഞ്ഞു.

youth league kathua unnao fund scam
യൂസഫ് പടനിലം

പിരിച്ച പണത്തിൻ്റെ കണക്കവതരിപ്പിക്കാൻ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. ഒടുവിൽ ലീഗ് നേതൃത്വത്തൊട് പരാതിപ്പെട്ടപ്പോൾ കണക്കവതരിപ്പിക്കാൻ പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന നേതൃത്വത്തിന് ആറുമാസം സമയം നൽകിയെങ്കിലും സമയപരിധിയും കഴിഞ്ഞ് മാസങ്ങളായിട്ടും അതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നും യൂസഫ് ആരോപിക്കുന്നു. തുടർന്നാണ് താൻ പരസ്യമായി ആരോപണമുന്നയിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് ലീഗിലെ സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന തലത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്നും യൂസഫ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ വിമതനായി മത്സരിച്ച യൂസഫ് പടനിലത്തെ അച്ചടക്ക നടപടികളുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തതാണ്. 

യൂത്ത് ലീഗിലെ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് യൂസഫ് പടനിലം ഉന്നയിച്ച ആരോപണങ്ങൾ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ ഭാഗികമായി ശരിവെച്ചതായി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ട് വ‍ർഷം കഴിഞ്ഞും നേതാക്കൾ പുറത്തു വിട്ടിട്ടില്ലെന്നും ഈ പണം കുടുംബങ്ങൾക്ക് കൊടുത്തോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും മുഈനലി തങ്ങൾ ചാനലിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പരാതി നൽകിയിട്ടും നടപടിയായില്ലെന്നും മുഈനലി കൂട്ടിച്ചേ‍ർത്തു.