കർഷക സമരത്തിൽ പ്രക്ഷുബ്ദമായി രാജ്യസഭ; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

single-img
2 February 2021
rajyasabha farmer protest

കർഷകസമരം (Farmer Protest) ചർച്ചയ്ക്കെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടർന്ന് രാജ്യസഭ(Rajyasabha)യിൽ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിര്‍ത്തിവെയ്ക്കേണ്ടി വന്നു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രതിപക്ഷത്തിന് എതിര്‍പ്പുകൾ ഉന്നയിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യനായിഡു(Venkaiah Naidu) വ്യക്തമാക്കി.രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭാ നടപടികൾ തുടങ്ങിയത്. ചട്ടം 267 പ്രകാരം സഭാനടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം, ബിനോയ് വിശ്വം, കെ സി വേണുഗോപാൽ തുടങ്ങിയ അംഗങ്ങൾ നൽകിയ നോട്ടീസ് രാജ്യസഭ അദ്ധ്യക്ഷൻ തള്ളുകയായിരുന്നു.

ചര്‍ച്ചയാവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭ വീണ്ടും സമ്മേളിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ലോക്സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, എഎം ആരിഫും എന്നീ അംഗങ്ങളും നോട്ടീസ് നൽകിയിട്ടുണ്ട്. കര്‍ഷക സമരം മാത്രം വിഷയമാക്കി ബജറ്റ് സമ്മേളനത്തിൽ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം. 

Content: Uproar in Rajyasabha over Farmer Protest