സഹപാഠിയായ കൂട്ടുകാരിയോട് ‘ക്രഷ്’ തോന്നി; തുറന്നുപറഞ്ഞ എട്ടുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി

single-img
2 February 2021

യുഎസിലെ ഒക്കലഹോമയിൽ കൂട്ടുകാരിയോട് ‘ക്രഷ്’ തോന്നിയ എട്ടുവയസുകാരിയെ സ്കൂൾ പുറത്താക്കി. ഒവാസോയിലെ റിജോയ്സ് ക്രിസ്ത്യന്‍ സ്കൂൾ വിദ്യാർഥിനിയായ എട്ടുവയസുകാരിയുടെ അമ്മയാണ് മകൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം പറഞ്ഞത്. എട്ടുവയസുകാരിയെ മാത്രമല്ല, ചേച്ചിയുടെ മേൽ ആരോപിച്ച ‘കുറ്റത്തിന്’ അഞ്ച് വയസുകാരനായ പെൺകുട്ടിയുടെ സഹോദരനെയും സ്കൂൾ പുറത്താക്കിയിട്ടുണ്ട്.

സ്വന്തം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ക്രഷ് തോന്നുന്നെന്ന് എട്ടുവയസുകാരി പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് മകൾക്ക് നടപടി നേരിടേണ്ടി വന്നതെന്നാണ് ഡെലാനീ ഷെൽറ്റൻ എന്ന യുവതി പറയുന്നത്. കളിസ്ഥലത്ത് വച്ചാണ് മകൾ സഹപാഠിയോട് ഇക്കാര്യം തുറന്ന് പറഞ്ഞതെന്നാണ് ഡെലാനീ സിഎൻഎന്നിനോട് പറഞ്ഞത്. സംഭവത്തിന് പിന്നാലെ കുട്ടിയെ പ്ലേ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇവർ കുട്ടിയെ പ്രിൻസിപ്പാളിന്‍റെ ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഇവിടെ നിന്ന് വൈസ് പ്രിൻസിപ്പാൾ തന്‍റെ മകളോട് ‘സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നു മാത്രമേ കുട്ടികൾ ഉണ്ടാകു എന്നാണ് ബൈബിൾ പറയുന്നത്’ എന്നാണ് പറഞ്ഞതെന്നും അമ്മ പറയുന്നു. മകളോട് വൈസ് പ്രിൻസിപ്പാൾ പറഞ്ഞ കാര്യങ്ങളും സംഭവവും അറിഞ്ഞ് ഡെലാനീ സ്കൂളിൽ എത്തിയപ്പോൾ രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് അവർ തന്നോട് ചോദിച്ചതെന്നും അമ്മ പറയുന്നു.

അതിൽ പ്രത്യേകിച്ച് പ്രശ്നം ഒന്നും കാണുന്നില്ലെന്ന് താൻ വ്യക്തമാക്കിയെന്നും ഡെലാനീ പറയുന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ നാടാണ് ഒക്കലഹോമ. അമ്മ സ്കൂളിൽ എത്തി വൈസ് പ്രിൻസിപ്പാളുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇവരുടെ കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സ്കൂൾ അധികൃതർ തീരുമാനിക്കുന്നത്. എട്ടു വയസുകാരിയെയും അഞ്ചുവയസുകാരനായ അനുജനെയും ഇവർ പുറത്താക്കുകയായിരുന്നു.

സ്വവർഗ ലൈംഗികതയും ഉഭയ ലൈംഗികതയും എന്നിവ ലൈംഗിക അധാർമ്മികതയാണെന്നാണ് റിജോയ്സ് ക്രിസ്ത്യൻ സ്കൂൾ ഹാൻഡ്ബുക്കിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാൽ പുറത്താക്കുമെന്നും ഇതിൽ പറയുന്നുണ്ട്. എന്നാൽ ക്രഷ് എന്നതുകൊണ്ട് മകൾ ഉദ്ദേശിച്ചത് ക്ലാസിലെ ഒരു കുട്ടിയുമായി കളിക്കാനും സമയം ചിലവഴിക്കാനും മകൾ ഇഷ്ടപ്പെടുന്നുണ്ട് എന്നാണെന്നും അല്ലാതെ മറ്റൊരു ബന്ധവും അല്ലെന്നും അമ്മ പറയുന്നു.