കര്‍ഷക സമരം; പ്രതിരോധിക്കാന്‍ പോലീസിന് വാളിന് സമാനമായ ഇരുമ്പ് ദണ്ഡുകള്‍ നല്‍കി; വിവാദം

single-img
2 February 2021

കർഷക സമരത്തെ പ്രതിരോധിക്കാൻ ഷാദ്ര പോലീസിന് ഇരുമ്പ് ദണ്ഡുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി ഡല്‍ഹി പോലീസ്. സംസ്ഥാന പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇരുമ്പ് ദണ്ഡുകള്‍ സമരങ്ങളെ അടിച്ചൊതുക്കാന്‍ ഉപയോഗിക്കരുതെന്നും അനുമതി ഇല്ലാതെ ഉപയോഗിക്കരുതെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

വാളിന് സമാനമായ 60 ഇരുമ്പ് ദണ്ഡുകളാണ് ഷാദ്ര ജില്ലയില്‍ വിതരണം ചെയ്തത്. കര്‍ഷകര്‍ പൊലീസിന് നേരെ വാളുകള്‍ ഓങ്ങിയത് നേരത്തെ വലിയ വിവാദമായിരുന്നു. എന്നാല്‍ നിരവധി പോലീസുകാര്‍ക്ക് വാളുകള്‍ കൊണ്ട് പരിക്കേറ്റതിന് പിന്നാലെയാണ് ഇത്തരമൊരു പ്രതിരോധം തീര്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് പോലീസുകാര്‍ പ്രതികരിക്കുന്നത്.

ഷാദ്ര ജില്ലയിലെ പൊലീസുകാര്‍ ഈ ആയുധവുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ചയായിരുന്നു പൊലീസുകാര്‍ക്ക് പ്രതിരോധത്തിനായി ഇരുമ്പ് വാളുകള്‍ നല്‍കിയത്. രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന ശേഷമാണ് ഈ ആയുധം പിന്‍വലിക്കാനും ഇത്തരം ആയുധം ഉപയോഗിക്കാനുണ്ടായ സാഹചര്യത്തേക്കുറിച്ചും ദില്ലി പോലീസ് വിശദീകരണം തേടിയത്. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നും ദില്ലി പൊലീസ് വിശദമാക്കി.

വലത് കയ്യില്‍ വാളിന് സമാനമായ ഇരുമ്പ് ദണ്ഡും ഇടത് കയ്യില്‍ പടച്ചട്ടയ്ക്ക് സമാനമായ വസ്തുവുമായിരുന്നു വിതരണം ചെയ്തത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നുവെന്നാണ് നേരത്തെ ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.