ഞാന്‍ എപ്പോള്‍ കേരളത്തിലേക്ക് വരണമെന്ന് ചെന്നിത്തല തീരുമാനിക്കേണ്ട: പിഎസ് ശ്രീധരന്‍ പിള്ള

single-img
1 February 2021

കേരളത്തിലെ ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ താന്‍ ഇടപെടുന്നത് ബിജെപിക്കാരനെപ്പോലെയാണെന്ന പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.

താന്‍ കേരളത്തിലേക്ക് എപ്പോഴൊക്കെ വരണമെന്ന കാര്യം രമേശ് ചെന്നിത്തല തീരുമാനിക്കേണ്ടെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരു സംസ്ഥാന ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയേക്കാളും തനിക്കറിയാം. രമേശ്‌ ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച് അജ്ഞതയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സഭാ തര്‍ക്കം പോലെയുള്ള വിഷയങ്ങളില്‍ സാധാരണ ഗവര്‍ണര്‍മാര്‍ ഇടപെടാറില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

ഗവര്‍ണര്‍ ആണെന്നത് മറന്ന് ബിജെപി അധ്യക്ഷനെ പോലെയാണ് ശ്രീധരന്‍ പിള്ള പെരുമാറുന്നതെന്നും പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടതില്‍ തെറ്റില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.