പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചു; കേന്ദ്രബജറ്റ് കേരളത്തിന് നിരാശ: മുല്ലപ്പള്ളി

single-img
1 February 2021

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില പ്രഖ്യാപനങ്ങള്‍ ഒഴിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തിന് നിരാശയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി . കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ ബജറ്റാണിതെന്നും വായ്പ പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം 16401.05 കോടിരൂപയില്‍ നിന്നും 15326.64 കോടിയായി കുറയ്ക്കുകയും ചെയ്തു. അതേസമയം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം ഉയര്‍ത്തുകയും ചെയ്തു.

കേരളത്തിലെ റെയില്‍വെ മേഖലയെ അവഗണിച്ചു. റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണത്തിന് കാര്യമായ തുക നീക്കി വച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കാനാണ് ഈ ബജറ്റില്‍ മുന്‍ഗണന നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചിരിക്കുകയാണ്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്തി . ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കാനും ഒരു നടപടിയും ബജറ്റില്‍ പ്രഖ്യാപിച്ചില്ല.

എക്‌സൈസ് ഡ്യൂട്ടി കുറച്ച ശേഷം അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് ഏര്‍പ്പെടുത്തുക വഴി നിലവിലെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.