ഗാന്ധിവധത്തിന് പിന്നിൽ നെഹ്രു-കമ്യൂണിസ്റ്റ് ഗൂഢാലോചന: വിചിത്ര വാദവുമായി ജന്മഭൂമി ലേഖനം

single-img
31 January 2021
janmabhumi gandhi murder

മഹാത്മാഗാന്ധിയുടെ വധ( Assassination of Mahatma Gandhi)ത്തിന് പിന്നിൽ നെഹ്രുവും കമ്യൂണിസ്റ്റുകാരും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്ന് ബിജെപി മുഖപത്രമായ ജന്മഭൂമി (Janmabhumi). ബിജെപി നേതാവും സംസ്ഥാന സമിതിയംഗവുമായ സന്ദീപ് വചസ്പതി എഴുതിയ ലേഖനത്തിലാണ് ഈ വിചിത്രമായ വാദം ഉന്നയിച്ചിരിക്കുന്നത്.

ഈ രാജ്യത്തിന്റെ നിര്‍ണ്ണായക ദശാസന്ധികളിലെല്ലാം  ഒരു ദുരൂഹ മരണം അല്ലെങ്കില്‍ കൊലപാതകം നടന്നിട്ടുണ്ടെന്നും അത്തരത്തിലൊന്നാണ് ഗാന്ധിവധമെന്നുമാണ് ലേഖകൻ്റെ വാദം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്നും  പ്രധാനമന്ത്രി പദത്തിന് വേണ്ടി നെഹ്രു(Jawaharlal Nehru) വാശിപിടിക്കരുതെന്നും, രാമരാജ്യം ലക്ഷ്യമിട്ടുള്ള വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നുമെല്ലാം ഗാന്ധിജി ആവശ്യപ്പെട്ടിരുന്നുവെന്നും ഇതായിരുന്നു ഗാന്ധിയെ വധിക്കാൻ ഗൂഢാലോചനയൊരുങ്ങാൻ കാരണമെന്നും ലേഖകൻ വാദിക്കുന്നു.

ഗാന്ധിയെ കൊല്ലാന്‍ നടക്കുന്ന മദന്‍ലാല്‍ പഹ്വയെക്കുറിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രി ബിജി ഖേറിന് വിവരം നല്‍കിയ പ്രൊഫ. ജഗദീശ് ചന്ദ്ര ജയിനിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമം ഉണ്ടായെന്ന് സന്ദീപ് വചസ്പതി ആരോപിക്കുന്നു. എന്നാൽ ജഗദീഷ് ചന്ദ്ര ജെയിനിനെ കേസിൽക്കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തോടെ ദേഷ്യപ്പെടുകയും ചെയ്ത, അന്നത്തെ ബോംബെ ആഭ്യന്ത്രമന്ത്രിയായിരുന്ന പിന്നീട് സംഘപരിവാർ അനുകൂല ജനത സർക്കാരിൻ്റെ പ്രധാനമന്ത്രിയായ മൊറാർജി ദേശായിയുടെ പേര് ലേഖകൻ പരാമർശിക്കുന്നുമില്ല.

ഗാന്ധിവധത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കപ്പെട്ടില്ല എന്ന തെറ്റായ ആരോപണവും ലേഖകൻ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഗാന്ധിവധത്തിലെ പ്രധാന ആസൂത്രകനായി ആരോപിക്കപ്പെട്ടിരുന്ന സവർക്കറെക്കുറിച്ച് ലേഖകൻ ഒന്നും പരാമർശിച്ചിട്ടുമില്ല.

മഹാത്മാ ഗാന്ധി വധത്തിലെ ഹിന്ദുത്വ ശക്തികളുടെ പങ്ക് സമൂഹമാധ്യമങ്ങളിൽ നിരന്തരം ചർച്ചയാകുന്ന സാഹചര്യത്തിലാണ് അടിസ്ഥാനരഹിതമായ വാദങ്ങളുമായി ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“Nehru and Communists conspired assassination of Gandhi”: BJP Kerala mouthpiece Janmabhumi publishes an article with ludicrous claims