ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു; ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

single-img
31 January 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കാസർകോട് തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജനങ്ങളുടെ അംഗീകാരം നേടി ഒരു വിജയിയായിട്ടാണ് ചെന്നിത്തല കാസര്‍ഗോട് നിന്ന് ജാഥ ആരംഭിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ല. കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടത് സർക്കാരിന്റെ ഭരണകാലം. കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. 23 ന് തിരുവനന്തപുരത്ത് സമാപന റാലി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.