ഈന്തപ്പഴ ഇറക്കുമതി വിവാദം; വിവരാവകാശ നിയമപ്രകാരം കസ്റ്റംസിനോട് ചോദ്യം ഉന്നയിച്ച് അസാധാരണ നടപടിയുമായി സര്‍ക്കാര്‍

single-img
30 January 2021

യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതിക്കേസിൽ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടി സംസ്ഥാന സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ആരായുന്നത്.

ഈന്തപ്പഴം ഇറക്കുമതിയിൽ ഡ്യൂട്ടി അടക്കാൻ ആര്‍ക്കാണ് ബാധ്യത , എത്ര പേർക്ക് ഇതുവരെ സമൻസ് അയച്ചു തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിനോട് ആരാഞ്ഞത്. വിവരാവകാശ നിയമപ്രകാരം ആണ് കസ്റ്റംസിന് നോട്ടീസ് നൽകിയിട്ടുള്ളത്. പ്രോട്ടോകോൾ ഓഫീസര്‍ ആണ് വിവരങ്ങൾ ആവശ്യപ്പെട്ടത്.

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആരുടെ വീഴ്ചയാണെന്ന സുപ്രധാനമായ ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരം തേടുന്നത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിയാര് എന്ന ചോദ്യം ചോദിക്കുന്നതിലൂടെ കസ്റ്റംസും പ്രതിരോധത്തിലാകുന്ന സ്ഥിതിയുണ്ടാകും.

എംബസികള്‍/കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി കസ്റ്റംസ് ഡ്യൂട്ടി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തി ആരാണ്, 09.05.2017ല്‍ ബില്‍ ഓഫ് എന്‍ട്രി നമ്പര്‍ 9624365 പ്രകാരം തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണ്, മേല്‍പറഞ്ഞ ബില്ലില്‍ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ കാര്യത്തില്‍ എന്തെങ്കിലും കസ്റ്റംസ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ, ബില്ലിലെ ഈന്തപ്പഴത്തിന്‍റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷന്‍ 108 പ്രകാരം എത്ര പേര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്? അവരുടെ പേരും തസ്തികയും, അവര്‍ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങളും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.