ദേശീയ വികസനത്തിന് സഹായിക്കുന്നവര്‍ക്ക് പൗരത്വം നല്‍കും; തീരുമാനവുമായി യുഎഇ

single-img
30 January 2021

ഇപ്പോള്‍ നിലനില്‍ക്കുന്ന പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി യുഎഇ. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. പുതിയ നടപടിയിലൂടെ രാജ്യത്തിന്റെ സാമൂഹിക സ്ഥിരത ഉറപ്പാക്കാനും യുഎഇ ലക്ഷ്യമിടുന്നു.

ദേശീയ വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎഇ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍-നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.അതേസമയം തന്നെ പൗരത്വം ലഭിക്കുന്നതിന് പ്രത്യേക നിബന്ധനകളും ബാധകമാണ്.

സ്വന്തമായി യുഎഇയില്‍ വസ്തുവക നിക്ഷേപകര്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. മെഡിക്കല്‍ ഡോക്ടര്‍മാരും വിദഗ്ധരായ പ്രൊഫണലുകളും യുഎഇക്ക് ആവശ്യമായ പ്രത്യേക മേഖലകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. ഇതിനുപുറമേ ഇവര്‍ തങ്ങളുടെ മേഖലയില്‍ ശാസ്ത്രീയ മൂല്യമുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സംഭാവന നല്‍കിയവരുമാകണം. ഗവേഷണ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ശാസ്ത്രജ്ഞര്‍ക്ക് മാത്രമേ പൗരത്വം അനുവദിക്കുകയുള്ളൂ.