ഡൽഹിയിലെ സംഘർഷത്തിൽ കെകെ രാ​ഗേഷടക്കമുള്ളവർ അണികളെ കയറൂരി വിട്ടു: വി മുരളീധരൻ

single-img
29 January 2021

രാജ്യത്തിന്റെ പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തിൻറെ നടപടിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ഡൽഹിയിൽ കർഷക പ്രതിഷേധം അക്രമാസക്തമായപ്പോൾ കെ.കെ രാകേഷിനെ പോലുള്ള നേതാക്കൾ അണികളെ അഴിച്ചുവിട്ട് മാറി നിന്നു എന്നും മുരളീധരൻ ആരോപിച്ചു. സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുക വഴി പ്രതിപക്ഷം രാഷ്ട്രപതിയോട് അനാദരവ് കാണിക്കുകയാണ് ചെയ്തത്.

രാജ്യത്തിന്റെ റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളെ പ്രതിപക്ഷം അപലപിച്ചില്ല. കർഷക പ്രതിഷേധം അക്രമാസക്തമായി മാറിയപ്പോൾ തൻ്റെ അണികളെ കയറൂരി വിടുകയാണ് കെ കെ രാഗേഷ് അടക്കമുള്ള നേതാക്കൾ ചെയ്തത്.

അതേപോലെ തന്നെ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർക്കെതിരെ അവിടെ പ്രതിഷേധവുമായി എത്തിയത് ബിജെപിക്കാരല്ല അതത് പ്രദേശങ്ങളിലെ ജനങ്ങളാണെന്നും കർഷകർക്കെതിരെ പ്രതിഷേധിക്കുന്നവരുമായി ബിജെപിക്ക് ബന്ധമില്ലെന്നും വി.മുരളീധരൻ വ്യക്തമാക്കി.