കാർഷിക നിയമ പരിഷ്കാരത്തെ ന്യായീകരിച്ചും; ദില്ലി സംഘർഷത്തെ അപലപിച്ചും; പ്രതിപക്ഷ ബഹളത്തിനിടയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം

single-img
29 January 2021

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെൻ്റിൽ നയപ്രഖ്യാപന പ്രസംഗം നടത്തി. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് കേന്ദ്ര സർക്കാരിനായി നയപ്രഖ്യാപനം നടത്തിയ രാഷ്ട്രപതി റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ദില്ലിയിലുണ്ടായ സംഘർഷത്തെ അപലപിച്ചു. ദേശീയ പതാകയെ അപമാനിച്ച സംഭവം നിർഭാഗ്യകരമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.

കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമ പരിഷ്കാരത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ ന്യായീകരിച്ചു. അതേ സമയം രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ കർഷകനിയമത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളം വച്ചു. 

കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന ഈ ബജറ്റ് സമ്മേളനം വളരെ പ്രധാനമാണ്. ഈ വർഷം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷത്തിലേക്ക് നമ്മൾ പ്രവേശിക്കാൻ പോകുകയാണ്.  ഇന്ത്യ ഐക്യത്തോടെ നിന്ന് പ്രതിസന്ധികൾ മറികടന്നിട്ടുണ്ട്. ഇനിയും രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധികൾ മറികടക്കണം

കൊവിഡ് പ്രതിസന്ധിക്കിടെ എൺപത് കോടി ആളുകൾക്ക് പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യ ധാന്യം സർക്കാർ ഉറപ്പാക്കി. കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും മടങ്ങാൻ ട്രെയിനുകളും ഉറപ്പാക്കി. മടങ്ങി വന്ന തൊഴിലാളികൾക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലും വരുമാനവും നൽകി.

2100 കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകൾ വഴി കേന്ദ്രസർക്കാർ നൽകിയത്. ആത്മനിർഭർഭാരത് പദ്ധതിക്ക് തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്കും ഇന്ത്യ തുടക്കം കുറിച്ചു.

കർഷകർക്കായി നിരവധി അനുകൂല്യങ്ങൾ കേന്ദ്രസർക്കാർ ഇക്കാലയളവിൽ നൽകി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുകയും കൂടുതൽ താങ്ങുവില വിതരണം ചെയ്യുകയും ചെയ്തു. രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനവും ഇതേ സമയം റെക്കോർഡ് അളവിലെത്തി. രാജ്യത്തെ എൺപത് ശതമാനം കർഷകരും രണ്ട് ഹെക്ടറിൽ താഴെയുള്ളവരാണ്.

1,13,000 കോടി രൂപ ഈ കലായളവിൽ കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു.  കാർഷികരംഗത്തെ പുതിയ പരിഷ്ക്കാര നടപടികൾ കർഷകരെ സഹായിക്കും. വർഷങ്ങളായുള്ള ആലോചനയ്ക്കു ശേഷമാണ് നിയമങ്ങൾ കൊണ്ടു വന്നത്. കാർഷിക നിയമങ്ങളിൽ സുപ്രീംകോടതി തീരുമാനം എന്തായാലും അതും കേന്ദ്രസർക്കാർ അംഗീകരിക്കും. സമാധാനപൂർണ്ണമായ സമരങ്ങളോട് യോജിക്കും. എന്നാൽ ദേശീയപാതകയെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. കാർഷികനിയമങ്ങൾ കർഷകർക്ക് കൂടുതൽ അധികാരവും സൗകര്യങ്ങളും നൽകും. നിയമങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ സർക്കാർ തയ്യാറാണ്.