ഭര്‍ത്താവിന്റെ പ്രവൃത്തികളിൽ അപമാനം; ക്ഷേത്രത്തിലേക്ക് പോയ യുവതി കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

single-img
29 January 2021

ആലപ്പുഴ ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തില്‍ യുവതി കഴിഞ്ഞ ദിവസം മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം കാരണമെന്ന് ബന്ധുക്കള്‍. പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി (33) യെയാണ് ഇന്നലെ രാവിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബവീട്ടില്‍ നിന്ന് പലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിജയലക്ഷ്മിയെ കാണാഞ്ഞ് ബന്ധുക്കള്‍ ക്ഷേത്രത്തിലെത്തി അന്വേഷിച്ചെങ്കിലും മറ്റേതെങ്കിലും ക്ഷേത്രത്തില്‍പോയതായിരിക്കാം എന്ന കണക്കു കൂട്ടലിലില്‍ മടങ്ങിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതോടെ കുളത്തിൽ നടത്തിയ തിരച്ചിലിലാണ് വിജയലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നു വിലയിരുത്തുന്നതായി പൊലീസും വ്യക്തമാക്കിയിരുന്നു. 

പ്രണയച്ചു വിവാഹം കഴിച്ച വിജയലക്ഷ്മി ഭര്‍ത്താവിന്റെ പ്രവൃത്തികളിൽ കടുത്ത മനോവ്യഥയിലായിരുന്നു. വിവാഹ ശേഷം ചില കേസുകളില്‍ ഇയാള്‍ അറസ്റ്റിലായി. തുടര്‍ന്ന് ഭര്‍ത്താവിനെ സ്ഥലത്തു നിന്നു മാറ്റിയാല്‍ മാറ്റമുണ്ടായേക്കും എന്നു കരുതിയാണ് ബെംഗളുരുവിലേയ്ക്കു കൊണ്ടു പോയത്. കഴിഞ്ഞ നാല് വർഷമായി ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. അവിടെയും മോശം സ്വഭാവം തുടര്‍ന്നതോടെ നാട്ടിലേയ്ക്കു തിരികെ പോരുകയായിരുന്നു. ഒരു മാസം മുൻപ് കുട്ടികൾക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ ഭർത്താവ് വീണ്ടും ജയിലിലായതോടെ യുവതി കടുത്ത ദുഃഖത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നു. 

മരണച്ചിറ എന്നറിയപ്പെടുന്ന ഈ കുളത്തില്‍ നേരത്തെ നിരവധിപ്പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആഴത്തില്‍ കുഴിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഏതുസമയത്തും വെള്ളമുണ്ട്. നൂറനാട് പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് നിഗമനം.